
സനാ/ടെഹ്‌റാൻ: ചെങ്കടൽ വഴിയുള്ള സർവീസുകളിൽ നിന്നും ചരക്കുനീക്കങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സൗദി അറേബ്യൻ കപ്പലുകൾക്ക് കടുത്ത മുന്നറിയിപ്പ് നൽകി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതസേന. അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ സംപ്രേഷണം ചെയ്ത റേഡിയോ സന്ദേശത്തിലൂടെയാണ് ഹൂതികൾ സൗദിക്കെതിരെ ഉപരോധവും ഭീഷണിയും പ്രഖ്യാപിച്ചത്. യമൻ ജനതയ്ക്ക് നേരെ തുടരുന്ന ഉപരോധത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഇംഗ്ലീഷിലുള്ള 29 സെക്കൻഡ് ദൈർഘ്യമുള്ള സന്ദേശത്തിൽ ഹൂതികൾ വ്യക്തമാക്കുന്നു.
“സൗദി ശത്രുക്കളുടെ എല്ലാ കപ്പലുകളും ഏഡൻ ഉൾക്കടൽ വഴി സഞ്ചരിക്കാൻ ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു… യമൻ സായുധ സേനയുടെ തീരുമാനം ലംഘിക്കുന്നപക്ഷം, ആ കപ്പലുകൾ ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കും.” – എഫ്എം റേഡിയോ സന്ദേശത്തിൽ ഹൂതികൾ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഹൂതി പ്രഖ്യാപിച്ച കടൽ ഉപരോധത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു. സൗദി തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും, അങ്ങനെ ചെയ്യുന്ന കപ്പലുകൾ “ഏത് സ്ഥലത്തുവെച്ചും” ആക്രമിക്കപ്പെടുമെന്നും കാണിച്ച് ആഗോള ഷിപ്പിംഗ് കമ്പനികൾക്ക് ഹൂതികൾ ഇമെയിൽ വഴി പ്രത്യേക സന്ദേശവും അയച്ചിട്ടുണ്ട്.
മേഖലയിലെ സമുദ്ര സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്ന ഈ നീക്കം, രാഷ്ട്രീയ സംഘർഷങ്ങളെ കടൽപ്പാതകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണെന്ന് ഗ്രീക്ക് സമുദ്ര സുരക്ഷാ ഏജൻസിയായ ‘മാരിസ്ക്സ്’ നിരീക്ഷിച്ചു. ഹൂതികൾ സൈനിക ശക്തി ഉപയോഗിച്ച് ഉപരോധം നടപ്പിലാക്കാൻ തീരുമാനിച്ചാൽ, സൗദിയുടെ ഉടമസ്ഥതയിലുള്ളതും സൗദി നയിക്കുന്നതുമായ ചരക്കുകപ്പലുകളാവും അവരുടെ പ്രധാന ലക്ഷ്യമെന്നും ഏജൻസി വ്യക്തമാക്കി. ഇതോടെ ചെങ്കടലിലൂടെയുള്ള ആഗോള ഇന്ധന വിതരണവും ചരക്കുനീക്കവും വീണ്ടും കനത്ത അനിശ്ചിതത്വത്തിലായിരിക്കുകയാണ്.















