
ടെഹ്‌റാൻ: കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് പിന്നാലെ, അത്യാധുനിക സെൻട്രിഫ്യൂജുകളും ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഒരു ഭാഗവും ഇറാൻ അതീവ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം. ടെഹ്‌റാന് തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘പിക്ക്ആക്സ് മൗണ്ടൻ’ എന്നറിയപ്പെടുന്ന അതീവ സുരക്ഷാ ഭൂഗർഭ കേന്ദ്രത്തിലേക്കാണ് ഈ സാമഗ്രികൾ മാറ്റിയത്.
ഇറാന്റെ പ്രധാന ആണവനിലയങ്ങളിലൊന്നായ ഈ കേന്ദ്രത്തിൽ നടക്കുന്ന നീക്കങ്ങൾ മാസങ്ങളായി ഇസ്രായേൽ നിരീക്ഷിച്ചു വരികയായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകൾക്ക് ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ അമേരിക്കയ്ക്കും ഇസ്രായേലിനും ബോംബാക്രമണങ്ങളിലൂടെ തകർക്കാൻ ഏറെ പ്രയാസമുള്ള ലക്ഷ്യസ്ഥാനമാണിത്. കൂടാതെ, രാജ്യത്തിന്റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഒരു കരയുദ്ധത്തിലൂടെ കീഴടക്കുക എന്നതും കടുത്ത വെല്ലുവിളിയാണ്.
ആറ്റം ബോംബ് നിർമ്മാണത്തിന് ആവശ്യമായ ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച ഏകദേശം 440 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ട്. ഈ യുറേനിയം ശേഖരം പൂർണ്ണമായും നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്നത് ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രധാന യുദ്ധലക്ഷ്യങ്ങളിൽ ഒന്നാണ്. ഇറാന്റെ കൈവശമുള്ള ഈ യുറേനിയം ശേഖരത്തിന്റെ വലിയൊരു പങ്ക് അവർ പിക്ക്ആക്സ് മൗണ്ടനിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്.
2025 ജൂണിലെ യുദ്ധാവസാനത്തിൽ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മൂന്ന് ഇറാനിയൻ ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നെങ്കിലും, അന്ന് പിക്ക്ആക്സ് മൗണ്ടന് നേരെ ആക്രമണമുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഈ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളും സങ്കീർണ്ണമായ പണികളും ഇറാൻ വീണ്ടും സജീവമാക്കിയത്. ഇറാൻ ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയും പുതിയൊരു ആക്രമണത്തിനായി അതിവേഗം തയ്യാറെടുക്കുകയും ചെയ്യുന്നതിന്റെ സൂചനകളാണ് ഇതെല്ലാമെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.















