ട്രംപിന് പിന്നിൽ ഉറച്ചുനിന്ന് റിപ്പബ്ലിക്കൻമാർ; ഇറാൻ യുദ്ധവിരുദ്ധ പ്രമേയം സെനറ്റിൽ വീണത് 52-47 വോട്ടുകൾക്ക്,  പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: ഇറാനിൽ യുദ്ധം ചെയ്യാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അധികാരം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സമാനമായ പ്രമേയം സെനറ്റിൽ തള്ളപ്പെടുന്നത്. 47-നെതിരെ 52 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.

കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നത് തടയുക എന്നതായിരുന്നു പ്രമേയത്തിൻ്റെ ലക്ഷ്യം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഭൂരിഭാഗം അംഗങ്ങളും പ്രസിഡൻ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രം ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി അംഗമായ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത് ശ്രദ്ധേയമായി.

അതേസമയം , യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം തുടരുകയാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം 60 ദിവസം പിന്നിടാനിരിക്കെ, കോൺഗ്രസിൻ്റെ പ്രത്യേക അനുമതിയില്ലാതെ യുദ്ധം തുടരാനാകില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ദേശീയ സുരക്ഷ മുൻനിർത്തി ഈ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാൻ വൈറ്റ് ഹൗസിന് അധികാരമുണ്ട്.

അതിനിടെ, പ്രമേയം പരാജയപ്പെട്ടെങ്കിലും പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കി. വരും ആഴ്ചകളിലും സമാനമായ പ്രമേയങ്ങൾ കൊണ്ടുവരുമെന്നും, യുദ്ധത്തെ പിന്തുണയ്ക്കുന്നവർ ആരെന്ന് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും സെനറ്റർ ടിം കെയ്ൻ പറഞ്ഞു. വിയറ്റ്നാം യുദ്ധകാലത്ത് പ്രസിഡൻ്റിൻ്റെ അധികാരം പരിമിതപ്പെടുത്താൻ കൊണ്ടുവന്ന 1973-ലെ ‘വാർ പവേഴ്സ് റെസല്യൂഷൻ’ മുൻനിർത്തിയാണ് ഡെമോക്രാറ്റുകളുടെ നീക്കം.

Iran anti-war resolution fails in Senate by 52-47 vote, Democrats vow to continue fight

More Stories from this section

family-dental
witywide