ത്രിരാഷ്ട്ര സന്ദർശനത്തിന് അബ്ബാസ് അരാഗ്ച്ചി, സമാധാന ചർച്ചകളിലേക്കുള്ള ഇറാന്‍റെ മടങ്ങിവരവെന്ന് വിലയിരുത്തൽ; പാകിസ്ഥാനും റഷ്യയും ഒമാനും സന്ദർശിക്കും

അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുന്നതിനിടെ നിർണായക ത്രിരാഷ്ട്ര സന്ദർശനത്തിനായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പുറപ്പെട്ടു. പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. സമാധാന ചർച്ചകളിലേക്കുള്ള ഇറാന്റെ മടങ്ങിവരവായാണ് ഈ നീക്കത്തെ നയതന്ത്ര ലോകം വിലയിരുത്തുന്നത്. മധ്യസ്ഥ രാഷ്ട്രങ്ങളായ പാക്കിസ്ഥാനും ഒമാനും പുറമെ, ഇറാന് പൂർണ്ണ പിന്തുണ നൽകുന്ന റഷ്യയുമായും അരാഗ്ച്ചി കൂടിക്കാഴ്ച നടത്തും. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കുള്ള മുന്നൊരുക്കമായാണ് ഈ സന്ദർശനമെന്നാണ് റിപ്പോർട്ട്.

അതേസമയം, തങ്ങളുടെ പക്കൽ നിന്നും അമേരിക്ക പിടിച്ചെടുത്ത ടോസ്ക എന്ന കപ്പൽ വിട്ടുനൽകണമെന്ന് ഇറാൻ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. ഡയാലിസിസ് സംവിധാനങ്ങളും മെഡിക്കൽ ഉപകരണങ്ങളുമാണ് കപ്പലിലുള്ളതെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ചൈനയിൽ നിന്നുള്ള ആയുധങ്ങളാണ് കപ്പലിലെന്ന ആരോപണത്തിലാണ് അമേരിക്ക നടപടിയെടുത്തത്. ഇതിനിടെ ഇറാന് മേലുള്ള നാവിക ഉപരോധം ഓരോ മണിക്കൂറിലും ശക്തമാക്കുമെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സേഥ് മുന്നറിയിപ്പ് നൽകി. എങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത് ഇറാന്റെ ഭാഗത്തുനിന്നുള്ള അയഞ്ഞ നിലപാടായി കരുതപ്പെടുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതിനെത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പാക് സന്ദർശനം നീട്ടിവെച്ചിരുന്നു. എന്നാൽ ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയത് മേഖലയിൽ സമാധാന പ്രതീക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ പുനരാരംഭിക്കാനിരിക്കുന്ന സമാധാന ചർച്ചകൾ വിജയിച്ചാൽ പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിക്ക് വലിയൊരളവ് ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചർച്ചകൾക്കായി അമേരിക്കയുടെ സുരക്ഷാ സംഘങ്ങൾ ഇതിനോടകം തന്നെ പാകിസ്ഥാനിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Iran FM visits Pakistan, Oman, and Russia for peace talks; Hope rises for end to conflict

More Stories from this section

family-dental
witywide