‘ഏത് നിമിഷവും ബോംബാക്രമണം ഉണ്ടാകുമെന്ന ഭീതിയിലായിരുന്നു’; ട്രംപിന്റെ ദൂതനുമായുള്ള ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തി അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി നടന്ന ചർച്ചകൾക്കിടയിൽ താനും ഇറാനിയൻ പ്രതിനിധി സംഘവും ഏത് നിമിഷവും ബോംബാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. “ഏത് നിമിഷവും ബോംബാക്രമണം ഉണ്ടായേക്കാമെന്ന സാഹചര്യം നേരിട്ട് നിങ്ങൾ ഒരിക്കലെങ്കിലും ചർച്ചാ മേശയിൽ ഇരുന്നിട്ടുണ്ടോ?” എന്ന് വിറ്റ്കോഫിനോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പരാമർശം ഏത് ചർച്ചയെയോ സ്ഥലത്തെയോ സംബന്ധിച്ചാണെന്ന് അരാഗ്ചി വ്യക്തമാക്കിയില്ല.

ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ. പിന്നീട് റഷ്യൻ മാധ്യമങ്ങളും ഇത് പങ്കുവച്ചു. കഴിഞ്ഞ വർഷം ആണവ ചർച്ചകൾ ആരംഭിച്ചതുമുതൽ വിറ്റ്കോഫുമായി ഇടവിട്ടുള്ള ആശയവിനിമയം തുടരുന്നുണ്ടെന്നും ഫെബ്രുവരിയിലെ യുദ്ധത്തിനുശേഷവും അത് നിലച്ചിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു. എന്നാൽ ഇത് ഔദ്യോഗിക ചർച്ചകളല്ലെന്നാണ് ഇറാൻ്റെ നിലപാട്. അമേരിക്കയുടെ സമ്മർദത്തിന് മുന്നിൽ വെനസ്വേല പോലെ ഇറാൻ വഴങ്ങില്ലെന്നും അരാഗ്ചി വ്യക്തമാക്കി.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയ സംഭവത്തെ പരാമർശിച്ച അദ്ദേഹം, ഒരാളെ അറസ്റ്റ് ചെയ്താൽ ഇറാന്റെ ഭരണസംവിധാനം തകരുമെന്ന് ആരും കരുതേണ്ടതില്ലെന്ന് പറഞ്ഞു. അരാഗ്ചിയും വിറ്റ്കോഫും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞ വർഷം ആരംഭിച്ച ശേഷം ഒമാനിലെ മസ്‌കത്ത്, ഇറ്റലിയിലെ റോം, സ്വിറ്റ്‌സർലൻഡിലെ ജനീവ തുടങ്ങിയ നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടന്നിരുന്നു. ഒമാൻ ഇടനിലക്കാരനായാണ് ആദ്യഘട്ട ചർച്ചകൾ നടന്നത്. പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചകളും സന്ദേശ കൈമാറ്റങ്ങളും തുടർന്നുവെങ്കിലും അതിനിടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ എട്ട് രാത്രികളായി തുടർച്ചയായി അമേരിക്ക ഇറാനിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തതോടെ അമേരിക്കൻ സൈനികരുടെ മരണസംഖ്യ 16 ആയി.ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറന്നില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യയിലുടനീളം പ്രതികാര നടപടികൾ വ്യാപിപ്പിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചു.

അതേസമയം, രാജ്യത്തിനകത്തും അരാഗ്ചി കടുത്ത വിമർശനം നേരിടുകയാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങിനിടെ “ഒത്തുതീർപ്പുകാരൻ” എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കിയവരുടെ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിന് കല്ലേറ് നേരിടേണ്ടിവന്നതായും ചടങ്ങിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ പരമോന്നത നേതാവിന്റെ വ്യക്തമായ അനുമതിയില്ലാതെ ജൂൺ കരാറിൽ ഒപ്പുവെച്ചുവെന്നാരോപിച്ച് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖലീബാഫിനെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ഇറാനിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ ശക്തമായി വിമർശിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ നടത്തുന്നത് കീഴടങ്ങലല്ലെന്നും അത് പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നും ഖലീബാഫ് സർക്കാർ ടെലിവിഷനിലൂടെ പ്രതികരിച്ചു.

‘Chance of being bombed at any moment’: What Iran’s Abbas Araghchi told Trump’s envoy Witkoff during talks

More Stories from this section

family-dental
witywide