ഇറാൻ – അമേരിക്ക സമാധാന ധാരണയുടെ ഭാഗമായുള്ള നിർണായകമായ ആദ്യ ഘട്ട ചർച്ചകൾക്ക് സ്വിറ്റ്സർലന്റിലെ സൂറിച്ചിൽ തുടക്കമായി. ലബനനിലെ ഇസ്രയേൽ കടന്നാക്രമണം നിർത്തിവെച്ചതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. മിനാബിൽ അമേരിക്ക നടത്തിയ ബോംബിങ്ങിൽ കൊല്ലപ്പെട്ട 168 കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ഓർമ്മപ്പെടുത്തലായ ‘മിനാബ് 168’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇറാൻ പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകളിൽ ആര് വിട്ടുവീഴ്ചകൾക്ക് ശ്രമിച്ചാലും ഈ കുഞ്ഞുങ്ങളുടെ ജീവന്റെ കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യു.എസ്. മിഡിലീസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്. വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗാച്ചിയാണ് ഇറാൻ സംഘത്തെ നയിക്കുന്നത്. ഇവർക്ക് പുറമെ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ സംഘവും, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, പാക് സേനാ മേധാവി അസീം മുനീർ എന്നിവരും ചർച്ചകളുടെ ഭാഗമാകുന്നുണ്ട്. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം അവസാനിച്ചതോടെ മൈനുകൾ നീക്കം ചെയ്യുന്ന നടപടികളിലേക്ക് ഇറാൻ കടന്നിട്ടുണ്ട്. കൂടാതെ ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഇനി സാങ്കേതിക കാര്യങ്ങളിലാണ് സൂറിച്ചിൽ പ്രധാനമായും ചർച്ചകൾ നടക്കുന്നത്.
ഇറാന് തിരികെ നൽകേണ്ട 30,000 കോടി ഡോളറിന്റെ ഫണ്ട്, സാമ്പത്തിക ഉപരോധങ്ങൾ നീക്കൽ, മുൻപ് മരവിപ്പിച്ച ഇറാൻ സ്വത്തുക്കൾ വിട്ടുനൽകൽ, യുറേനിയം ശേഖരം കൈകാര്യം ചെയ്യൽ, ആണവ പദ്ധതികളുടെ നിയന്ത്രണം എന്നിവയിലെ സാങ്കേതിക വശങ്ങളാണ് പ്രധാനമായും മേശപ്പുറത്തുള്ളത്. അതേസമയം ഇറാന്റെ ഫണ്ടിൽ നിന്നും തുകയെടുത്ത് മേഖലയിലെ ആക്രമണങ്ങളിൽ നഷ്ടമുണ്ടായ ഗൾഫ് രാഷ്ട്രങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കങ്ങളെ ഒരു തരത്തിലും സമ്മതിക്കില്ലെന്ന് ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് ഇന്നലെ അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ കപ്പൽ ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
US-Iran Peace Talks Begin in Switzerland as Iran Demands Justice for ‘Minab 168’ Victims















