ഇന്തോ-പസഫികിലെ മൂന്നാമത്തെ ‘പ്രധാന ശക്തി’ സ്ഥാനം നിലനിർത്തി ഇന്ത്യ, മികച്ച നേതാക്കളുടെ പട്ടികയിൽ മോദി രണ്ടാമത്, ഷി ഒന്നാമൻ; ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി ഇന്ത്യ നിലനിർത്തി. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ‘ഏഷ്യ പവർ ഇൻഡക്സ്’ റിപ്പോർട്ടിലാണ് ഈ നേട്ടം. മേഖലയിലെ 27 രാജ്യങ്ങളെ 131 സൂചകങ്ങളുടെയും എട്ട് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയ പട്ടികയിൽ 78.9 പോയിന്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമാണ്. 40.5 പോയിന്റ് നേടിയാണ് ‘പ്രധാന ശക്തി’ എന്ന വിഭാഗത്തിൽ ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. മേഖലയിലെ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന രണ്ടാമത്തെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടു.

രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപത്തിലെ കുറവ് എന്നിവ കാരണം സാമ്പത്തിക ശേഷി സൂചികയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഭാവിയിലേക്കുള്ള വിഭവശേഷി, പ്രതിരോധ ശൃംഖല, സാംസ്കാരിക സ്വാധീനം എന്നീ മേഖലകളിൽ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും ബ്രഹ്മോസ് മിസൈൽ വിൽപനയും ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കുതിപ്പിന് കരുത്തേകി. നയതന്ത്ര സ്വാധീനത്തിൽ 70.3 പോയിന്റുമായി ഇന്ത്യ സ്ഥിരത നിലനിർത്തി. മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയ്ക്കുള്ള ഏറ്റവും വലിയ അവസരങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് ലീഡ് ഡോ. ഹണ്ടർ മാർസ്റ്റൺ വിലയിരുത്തി.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മാത്രമാണ് മികച്ച നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദിക്ക് മുന്നിലുള്ളത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ത്യയുടെ ചില നയതന്ത്ര നിലപാടുകൾ ആഗോള പ്രതിച്ഛായയിൽ നേരിയ കുറവുണ്ടാക്കിയെങ്കിലും, മോദിയുടെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയും സ്ഥിരതയും മോദിയെ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ മുകളിലേക്ക് ഉയർത്താൻ സഹായിച്ചു. ഇതിനിടെ, 2018-ൽ സൂചിക ആരംഭിച്ചതിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏറ്റവും കുറഞ്ഞ നിലയിലായെന്നും (5.3 പോയിന്റ്) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ വഹിച്ച പങ്കിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും വരുംവർഷങ്ങളിൽ ഈ നേട്ടം നിലനിർത്താൻ അവർക്ക് കഴിയില്ലെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്ക കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഏഷ്യയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായതെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

India Retains Third Spot in 2026 Asia Power Index; PM Narendra Modi Ranked Second Most Effective Leader in Indo-Pacific

Also Read

More Stories from this section

family-dental
witywide