
ടെഹ്റാൻ: അമേരിക്കയുമായി താത്കാലിക ആണവ കരാർ ഒപ്പുവെച്ചാലുടൻ തന്നെ വിവിധ വിദേശ ബാങ്കുകളിലായി മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 12 ബില്യൺ ഡോളറിന്റെ ഫണ്ട് അടിയന്തരമായി വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഖത്തറിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത ഇറാൻ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്ന മാധ്യമസംഘാംഗത്തെ ഉദ്ധരിച്ച് അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടായാൽ കരാറിൽ നിന്ന് പിന്മാറാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് ഇറാനിയൻ മാധ്യമപ്രവർത്തകനായ സയീദ് അജോർലു വ്യക്തമാക്കി. ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഗാലിബാഫും ഖത്തർ അധികൃതരും തമ്മിൽ നടത്തിയ ചർച്ചകളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ആവശ്യപ്പെട്ടിരിക്കുന്ന ആകെ തുകയിൽ 6 ബില്യൺ ഡോളർ മുൻപ് തന്നെ മരവിപ്പിക്കപ്പെട്ട ഫണ്ടാണെന്നും ബാക്കി 6 ബില്യൺ ഡോളർ ഈ ഘട്ടത്തിൽ പുതുതായി വിട്ടുനൽകേണ്ട തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ടെഹ്റാനും വാഷിംഗ്ടണും തമ്മിൽ താത്കാലിക കരാറിൽ എത്തിയാൽ ആകെ 24 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മോചിപ്പിക്കപ്പെടുമെന്നും ഇതിന്റെ പകുതി തുക കരാർ പ്രഖ്യാപിക്കുമ്പോൾ തന്നെ ലഭ്യമാക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പണമിടപാടുകളുടെ പൂർണ്ണമായ ഉത്തരവാദിത്തവും ഉറപ്പും ഖത്തർ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. കരാർ ഒപ്പുവെച്ചതിന് ശേഷം മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ തങ്ങളുടെ പണം വീണ്ടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ഉറച്ച നിലപാടിലാണ് ഇറാൻ. എന്നാൽ കരാർ ഉറപ്പാക്കുന്നതിനായി ഖത്തർ സ്വന്തം നിലയിൽ ഇറാന് 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു എന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ ഖത്തർ അധികൃതർ പൂർണ്ണമായി നിഷേധിച്ചു.















