
ടെഹ്‌റാൻ: ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക സമർപ്പിച്ച സമാധാന ഉടമ്പടിയുടെ കരട് രൂപത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. പാകിസ്ഥാൻ മുഖേന ലഭിച്ച സന്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇപ്പോഴും സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയോടെ ഇറാൻ തങ്ങളുടെ മറുപടി കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇതുവരെ ഔദ്യോഗികമായി പ്രതികരണം നൽകിയിട്ടില്ല. സമാധാന ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ചില സാങ്കേതിക വശങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് സൂചന.അമേരിക്ക സമർപ്പിച്ച ഒരു പേജ് വരുന്ന സമാധാന നിർദ്ദേശത്തിൽ നിലവിലെ സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നാണ് പറയുന്നത്. തർക്കവിഷയങ്ങളിൽ പരിഹാരം കാണാൻ ഒരു മാസത്തെ സാവകാശം അനുവദിക്കുക, ഇറാന്റെ ആണവ പദ്ധതികൾ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ എന്നിവയിൽ വ്യക്തത വരുത്തുക, ഹോർമുസ് കടലിടുക്ക് അടക്കം മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ നടത്തുകയെന്നതും നിര്‍ദേശങ്ങളാണ്.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ ഉടമ്പടിയെ അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ ഇറാൻ വിഷയത്തിലും അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും സജീവമായി ഇടപെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നതോടെ മേഖലയിലെ യുദ്ധാന്തരീക്ഷത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷ.














