ഇറാൻ യുദ്ധം യുഎസ് ആയുധശേഖരം കാലിയാക്കി; യുദ്ധകാലാടിസ്ഥാനത്തിൽ ഉൽപാദനം കൂട്ടാൻ കമ്പനികൾക്ക് പെൻ്റഗണിൻ്റെ അന്ത്യശാസനം

വാഷിംഗ്ടൺ: ഇറാനുമായുള്ള അഞ്ച് മാസം നീണ്ട കടുത്ത സൈനിക നീക്കങ്ങളെത്തുടർന്ന് അമേരിക്കൻ സൈന്യത്തിൻ്റെ ആയുധശേഖരത്തിൽ ഉണ്ടായ വൻ കുറവ് പരിഹരിക്കാൻ പെൻ്റഗണിൻ്റെ അടിയന്തര നടപടി. രാജ്യത്തെ പ്രമുഖ പ്രതിരോധ ഉൽപാദന കമ്പനികളോട് ആയുധ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ പെൻ്റഗൺ കർശന നിർദേശം നൽകി.

യുഎസ് ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയ്ൻബെർഗ് അയച്ച ആഭ്യന്തര മെമ്മോയിലാണ് ബോയിങ് , ലോക്ഹീഡ് മാർട്ടിൻ, ആർടിഎക്സ് തുടങ്ങിയ പ്രമുഖ പ്രതിരോധ കമ്പനികളോട് 21 ദിവസത്തിനകം ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. “വർഷങ്ങൾ നീളുന്ന വികസന പ്രക്രിയകൾ ഇനി അനുവദിക്കില്ല” എന്നും പെൻ്റഗൺ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകി.

സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസിൻ്റെ ആയുധശേഖരത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശത്രുക്കളുടെ മിസൈലുകളെ പ്രതിരോധിക്കുന്ന പേട്രിയറ്റ് മിസൈലുകളുടെ എണ്ണം 2,330-ൽ നിന്ന് വെറും 759 – 827 ആയി ചുരുങ്ങി (65% കുറവ്). താഡ് പ്രതിരോധ സംവിധാനത്തിൻ്റെ എണ്ണം 452-ൽ നിന്ന് 234 – 278 ആയി കുറഞ്ഞു (38% ഇടിവ്). ഇറാൻ യുദ്ധത്തിൽ മാത്രം യുഎസ് ആയിരത്തിലധികം ടോമാഹോക്ക് ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്.

ഈ പ്രതിസന്ധി മറികടക്കാൻ പേട്രിയറ്റ്, താഡ് മിസൈലുകളുടെ ഉൽപാദനം യഥാക്രമം മൂന്നും നാലും ഇരട്ടിയായി വർധിപ്പിക്കാനാണ് നിർദേശം. കൂടാതെ മിസൈൽ റോക്കറ്റ് മോട്ടോറുകൾ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാനും, എയർ-ഡിഫൻസ് സെൻസറുകൾ, മിസൈൽ ട്രാക്കിങ് സംവിധാനങ്ങൾ എന്നിവയുടെ നിർമാണം വേഗത്തിലാക്കാനും പെൻ്റഗൺ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ആയുധക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകളെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. അമേരിക്കയ്ക്ക് ആവശ്യത്തിന് ആയുധശേഖരമുണ്ടെന്നാണ് ട്രംപിൻ്റ അവകാശവാദം. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികളിൽ അതൃപ്തിയുള്ള കോൺഗ്രസ് (അമേരിക്കൻ പാർലമെൻ്റ്), പ്രതിരോധ ബജറ്റ് 1.5 ട്രില്യൺ ഡോളറായി ഉയർത്താനുള്ള വൈറ്റ് ഹൗസിൻ്റെ ബില്ല് നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് പെൻ്റഗണിൻ്റെ പുതിയ നീക്കങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Iran war has depleted US arsenal; Pentagon ultimatum to companies to increase production on a wartime basis

More Stories from this section

family-dental
witywide