ഇറാൻ യുദ്ധം ഏഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കുമെന്ന് യു.എൻ റിപ്പോർട്ട്, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാം

വാഷിംഗ്ടൺ: യു.എസും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏഷ്യ-പസഫിക് മേഖലയുടെ സാമ്പത്തിക അടിത്തറ ഇളക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാം.

നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലാണ് പെട്ടെന്നുള്ള ആഘാതം ദൃശ്യമാകുന്നതെങ്കിലും, അതിൻ്റെ പ്രത്യാഘാതങ്ങൾ ആ മേഖലയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏഷ്യയുടെ ചില ഭാഗങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ, ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ തുടങ്ങി ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങൾ ഇന്ധന-ഭക്ഷ്യ വിലക്കയറ്റം മൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഗ്ലോബൽ ട്രേഡ് അനാലിസിസ് പ്രോജക്റ്റിൽ (GTAP) നിന്നുള്ള അത്യാധുനിക മോഡലിംഗ് ഉപയോഗിച്ച് യുഎൻഡിപി (UNDP) വിവിധ സാഹചര്യങ്ങൾ വിലയിരുത്തി. യുദ്ധം എട്ടുമാസം വരെ നീണ്ടുനിൽക്കുന്ന ഏറ്റവും മോശമായ സാഹചര്യമുണ്ടായാൽ, ലോകമെമ്പാടുമുള്ള 32 ദശലക്ഷം ആളുകൾ കൂടി ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടേക്കാം. ഇതിൽ 88 ലക്ഷം പേരും ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ളവരായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

“യുദ്ധം എന്നത് വികസനത്തെ പിന്നോട്ടടിക്കലാണ്. വർഷങ്ങൾ കൊണ്ട് രാജ്യങ്ങൾ കെട്ടിപ്പടുത്ത നേട്ടങ്ങളെ ആഴ്ചകൾ കൊണ്ട് ഇല്ലാതാക്കാൻ സംഘർഷങ്ങൾക്ക് കഴിയും,” യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷം ആ രാജ്യങ്ങളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഭക്ഷണത്തിനും ഇന്ധനത്തിനുമായി അധികം പണം ചെലവാക്കാൻ ശേഷിയില്ലാത്ത പാവപ്പെട്ട രാജ്യങ്ങളെയാണ് ഇത് കൂടുതൽ തളർത്തുന്നത്. വിലക്കയറ്റം നിയന്ത്രിക്കണോ അതോ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തണോ എന്ന അസാധ്യമായ തിരഞ്ഞെടുപ്പുകൾക്ക് ഈ പ്രതിസന്ധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും കൃത്യസമയത്തുള്ള നയപരമായ ഇടപെടലുകൾ വഴി ഇത് തടയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപൂർവേഷ്യയിലെ സൈനിക നീക്കങ്ങൾ കാരണം ഏഷ്യ-പസഫിക് മേഖലയിൽ 97 ബില്യൺ ഡോളർ മുതൽ 299 ബില്യൺ ഡോളർ വരെ ഉൽപ്പാദന നഷ്ടം ഉണ്ടായേക്കാം. ഇത് മേഖലയുടെ ആകെ ജിഡിപിയുടെ (GDP) 0.3% മുതൽ 0.8% വരെയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയാണ് നിലവിലുള്ളത്. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. മധ്യപൂർവേഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുക. ഗതാഗതം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും.

ദക്ഷിണ കൊറിയ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോകത്തെ നിർമ്മാണ മേഖലയുടെ പകുതിയിലധികം കൈകാര്യം ചെയ്യുന്ന ഏഷ്യയിലുണ്ടാകുന്ന ഈ തളർച്ച ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം (UNDP) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Iran war would shake the foundations of Asian economies, could push millions into poverty, says UN report

More Stories from this section

family-dental
witywide