
ടെഹ്‌റാൻ: അമേരിക്കയുടെ പ്രധാന ലക്ഷ്യം ഇറാന്റെ പൂർണ്ണമായ കീഴടങ്ങലായിരുന്നുവെന്നും എന്നാൽ അതിന് വഴങ്ങാൻ തങ്ങൾ തയ്യാറല്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. ഇറാൻ മുന്നോട്ടുവെച്ച കർശന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ ഇപ്പോൾ അമേരിക്ക യാചിക്കുകയാണെന്നും അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളിൽ പ്രധാനപ്പെട്ട 13 എണ്ണവും ഇറാന്റെ താൽപ്പര്യങ്ങൾക്ക് അനുകൂലമാണെന്നും ഒന്നുമാത്രമാണ് യുഎസിന് അനുകൂലമായി ഉള്ളതെന്നും വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു.
എന്നാൽ ഈ കരാർ നടപ്പിലാകുന്നത് തടയാനും അട്ടിമറിക്കാനും ഇസ്രായേൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധത്തിലും നയതന്ത്ര തലത്തിലും ഇറാൻ പൂർണ്ണ വിജയം കൈവരിച്ചുവെന്നും, സ്വന്തം നിബന്ധനകൾ അംഗീകരിക്കാൻ ശത്രുവിനെ നിർബന്ധിതരാക്കിയെന്നും അരാഗ്ചി പറഞ്ഞു. യുദ്ധഭൂമിയിലും സൈനികതലത്തിലുമുള്ള ഇറാന്റെ ശക്തമായ പ്രകടനമാണ് നയതന്ത്ര ചർച്ചകളിൽ രാജ്യത്തിന് കരുത്തേകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും അത്തരം കൂടിക്കാഴ്ചകൾ ഒന്നും നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന മുൻ നിലപാടുകൾ തള്ളി ട്രംപ് രംഗത്തെത്തിയത്. ഇറാനെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുകയാണെന്നും, ഹോർമുസ് കടലിടുക്കിൽ പാകിയ നീർമൈനുകൾ മാറ്റുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു















