
മിൽപീറ്റസ് (കലിഫോർണിയ): യുഎസിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിൻ്റെയും സുഷമയുടെയും മകൾ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌ൻ മറ്റത്ത് വീട്ടിൽ ജിജി മാത്യുവിൻ്റെയും പരേതയായ ബെസ്സി ജി.മാത്യുവിൻ്റെയും മകൾ ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും ഒരേ അപ്പാർട്മെൻ്റിലെ താമസക്കാരിയുമായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) മിൽപീറ്റസ് പൊലീസ് അറസ്റ്റ് ചെയ്തു.
വളരെ ആസൂത്രിതമായാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞദിവസം അപ്പാർട്മെൻ്റിനുള്ളിൽ വെച്ച് ആൻ മേരി മാത്യുവിനെ അനില കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മറ്റൊരു ഫ്ലാറ്റിലായിരുന്ന അഞ്ജനയെ തന്ത്രപൂർവ്വം താഴേക്ക് വിളിച്ചുവരുത്തുകയും, അപ്പാർട്മെൻ്റ് പരിസരത്തുവെച്ച് കാറിടിപ്പിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.
അപ്പാർട്മെൻ്റിൻ്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാർ മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിൻ്റെ പാർക്കിങ് ഏരിയയിൽ നീല എസ്‍യുവി മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നതും പൊലീസ് കണ്ടെത്തി. തുടർന്ന് വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു കിടക്കുന്ന നിലയിലായിരുന്നു ആനിൻ്റെ ശരീരം കാണപ്പെട്ടത്. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിൻ്റെ ഭർത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടിൽ ജേക്കബ് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റു ചോര വാർന്ന് ആൻ മരിച്ചുകിടക്കുന്നതു കാണുന്നത്.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ല, കൊല്ലപ്പെട്ടവരും പ്രതിയായ അനിലയും അവരുടെ കുടുംബങ്ങളും ഒരേ അപ്പാർട്മെൻ്റ് സമുച്ചയത്തിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നവരാണ്. കഴിഞ്ഞ ഓണാഘോഷത്തിന് പോലും ഇവർ ഒത്തുചേർന്നിരുന്നു.
മിൽപീറ്റസിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഞ്ജന ഹരി. ഭർത്താവ് വിജീഷ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഇവർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. ആൻ മേരി മാത്യുവിൻ്റെ ഭർത്താവ് ജേക്കബും വിദേശത്താണ്. ഇവർക്ക് പന്ത്രണ്ടും അഞ്ചും വയസുള്ള കുട്ടികളുണ്ട്.
കലിഫോർണിയയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തിൽ മിൽപീറ്റസ് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
Malayali woman arrested in California double murder, killed her friends















