ലെബനനിൽ ഭാഗിക വെടിനിർത്തൽ; ആക്രമണം തുടരുമെന്ന് ഇസ്രയേൽ, സൈനിക ശക്തി വർധിച്ചതായി ഇറാൻ

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ ഭാഗിക വെടിനിർത്തലിന് ധാരണയായതായി ലെബനൻ സർക്കാർ. സംഘർഷം പൂർണമായും അവസാനിപ്പിക്കുന്നില്ലെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. വാഷിംഗ്ടണിലെ ലെബനൻ എംബസിയുടെ വിവരമനുസരിച്ച്, ഹിസ്ബുള്ളയുടെ സ്വാധീന മേഖലയായ ബെയ്റൂട്ടിലും സമീപ പ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത് ഒഴിവാക്കും.

പകരമായി, ഹിസ്ബുള്ള ഇസ്രയേലിനെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാനും ധാരണയായിട്ടുണ്ട്. എന്നാൽ, ലെബനനിലെ ആക്രമണം വ്യാപിപ്പിക്കുന്ന ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് മധ്യസ്ഥരുമായി നടന്നുവരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വീണ്ടും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിട്ടുണ്ട്.

മാർച്ചിൽ അധിനിവേശം ആരംഭിച്ച തെക്കൻ ലെബനനിൽ തിങ്കളാഴ്ചയും ഏറ്റുമുട്ടലുകൾ തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് വിക്ഷേപിച്ച രണ്ട് പ്രൊജക്ടൈലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം വെടിനിർത്തൽ ധാരണയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇടനിലക്കാരിലൂടെ ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ നടപടികൾക്ക് അമേരിക്ക പിന്തുണ നൽകുന്ന സാഹചര്യത്തിൽ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ പദ്ധതിയിൽ നിയന്ത്രണം ഏർപ്പെടുത്താനുമുള്ള ശ്രമങ്ങളും അമേരിക്ക തുടരുകയാണ്. എന്നാൽ, ആണവ ചർച്ച നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ വിശാലമായ സമാധാന കരാറിന് സാധ്യതയില്ലെന്നും ഇറാൻ അറിയിച്ചു.

ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ആക്രമണത്തിന് തയ്യാറായിരുന്ന സൈനിക വിഭാഗങ്ങളെ പിൻവലിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, പിന്നീട് പ്രതികരിച്ച നെതന്യാഹു തെക്കൻ ലെബനനിലെ സൈനിക നടപടി തുടരുമെന്ന് വ്യക്തമാക്കി .നിലവിൽ ഇസ്രയേൽ സൈന്യം സഹറാനി നദിയിലേക്കാണ് മുന്നേറുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ലെബനൻ മണ്ണിലേക്ക് ഇസ്രയേൽ നടത്തിയ ഏറ്റവും ആഴത്തിലുള്ള സൈനിക കടന്നുകയറ്റമാണിതെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം തങ്ങളുടെ സൈനിക ശക്തി കൂടുതൽ വർധിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇരു പക്ഷങ്ങളും ശക്തമായ നിലപാടുകൾ തുടരുന്നത്.

IRGC says its military power has grown since war with US began; Israel keeps pounding Lebanon

More Stories from this section

family-dental
witywide