
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പൽ കടൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചു. ഇറാൻ സൈന്യം നിർദേശിച്ച സുരക്ഷിത ഗതാഗത പാത ലംഘിച്ച് സഞ്ചരിച്ച കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ പ്രഖ്യാപിച്ച പ്രത്യേക കപ്പൽച്ചാലിൽ നിന്നും ഈ എണ്ണക്കപ്പൽ പുറത്തേക്ക് മാറിയപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് ഇറാൻ്റെ പ്രതിരോധ വാർത്താ പോർട്ടലായ ‘ഡിഫാ പ്രസ്സ്’ വ്യക്തമാക്കുന്നു. തങ്ങൾ നിശ്ചയിച്ച പാതയല്ലാതെ മറ്റു വഴികളിലൂടെ പോകുന്ന കപ്പലുകൾക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം കപ്പൽ കമ്പനികൾക്കായിരിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടത്തിൽപ്പെട്ട കപ്പൽ ഏത് രാജ്യത്തിൻ്റേതാണെന്നോ, ഇതിലുണ്ടായിരുന്ന ജീവനക്കാരുടെ അവസ്ഥയോ, നാശനഷ്ടങ്ങളുടെ വ്യാപ്തിയോ വ്യക്തമാക്കാൻ ഇറാൻ തയ്യാറായിട്ടില്ല. യുഎസ്-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഈ മേഖലയിൽ മൈനുകൾ വിന്യസിച്ചിരുന്നതായി സൂചനകളുണ്ട്. തങ്ങളുടെ തീരത്തുകൂടിയുള്ള നിയന്ത്രിത പാതയിലൂടെ മാത്രമേ കപ്പലുകൾ കടത്തിവിടൂ എന്ന് ഇറാൻ വാശിപിടിക്കുമ്പോൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ധാരണപത്രങ്ങൾ റദ്ദാക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തതോടെ കനത്ത യുദ്ധപ്രതീതിയിലാണ് നിലവിൽ ഗൾഫ് മേഖല. ഈ സ്ഫോടനം ആഗോള എണ്ണവിലയെയും കപ്പൽ ഇൻഷുറൻസ് നിരക്കുകളെയും ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Oil tanker explodes in Strait of Hormuz; Iran says it violated route















