വാഷിങ്ടൺ: താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പാർട്ടി മുന്നേറുന്നതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പാർലമെൻ്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിൻ്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിൻ്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ.
തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നതിനിടെയാണ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ പിന്തുണച്ചതോടെ ദയനീയ തോൽവിക്ക് പകരം നെതന്യാഹു വിജയിക്കുകയോ ഒപ്പമെത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പ്രസിഡന്റ് ട്രംപ് ബിബി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒരു മികച്ച പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുമായിരുന്ന ദയനീയ പരാജയത്തിന് പകരം, ഇപ്പോൾ ഇതൊരു വലിയ തിരിച്ചുവരവിനും സമനിലയ്ക്കും, അല്ലെങ്കിൽ നെതന്യാഹുവിന്റെ വിജയത്തിന് പോലും വഴിവെക്കുന്നതായി കാണപ്പെടുന്നു! മധ്യപൂർവേഷ്യയ്ക്കും ഇസ്രായേലിനും അമേരിക്കയ്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിൻ്റെ പിന്തുണയ്ക്ക് ശേഷമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ട്രംപ് പറഞ്ഞു.
വോട്ടെടുപ്പിന് പിന്നാലെ ബുധനാഴ്ച പുലർച്ച അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു ട്രംപ് അടക്കമുള്ള തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ദൈവവും ഇതിൽ പ്രധാനികളാണെന്നും നെതന്യാഹു പറയുകയുണ്ടായി.
Trump makes a claim regarding Netanyahu’s advance: “Things turned around once I supported ‘Bibi’.”











