ജെ.ഡി. വാൻസിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം; യേശു വംശഹത്യയെ പിന്തുണയ്ക്കില്ലെന്ന് മറുപടി

ജോർജ്ജിയ യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസംഗം തടസ്സപ്പെടുത്തി ഗാസ വിഷയത്തിൽ പ്രതിഷേധം. ഇസ്രയേൽ നടത്തുന്ന യുദ്ധം ചൂണ്ടിക്കാട്ടി സദസ്സിലുണ്ടായിരുന്ന ഒരാൾ ‘യേശുക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല’ എന്ന് വിളിച്ചു പറയുകയായിരുന്നു. നിങ്ങൾ കുട്ടികളെ ബോംബെറിഞ്ഞ് കൊല്ലുകയാണെന്നും പ്രതിഷേധക്കാരൻ ആക്രോശിച്ചു. ഡോണൾഡ് ട്രംപ് തന്നെത്തന്നെ യേശുക്രിസ്തുവായി ചിത്രീകരിച്ച് എഐ ചിത്രം പങ്കുവെച്ചതിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു പ്രതിഷേധക്കാരന്റെ വാക്കുകൾ.

പ്രതിഷേധക്കാരന്റെ പ്രസ്താവന അംഗീകരിച്ച വാൻസ്, യേശു ഒരിക്കലും വംശഹത്യയെ പിന്തുണയ്ക്കില്ലെന്ന് മറുപടി നൽകി. എന്നാൽ ഗാസ വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകളെ അദ്ദേഹം ന്യായീകരിച്ചു. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടത്തിയത് ട്രംപ് ആണെന്നും ഇതിന് പ്രതിഷേധക്കാരൻ നന്ദിയുള്ളവനായിരിക്കണമെന്നും വാൻസ് പറഞ്ഞു. ജോ ബൈഡൻ സർക്കാരിന്റെ കാലത്തുണ്ടായ പ്രതിസന്ധികൾ പരിഹരിച്ചത് തങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗാസയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ മാനുഷിക സഹായം എത്തിക്കുന്നത് തങ്ങളുടെ ഭരണകൂടമാണെന്നും വാൻസ് കൂട്ടിച്ചേർത്തു. നേരത്തെ പോപ്പ് ലിയോ പതിനാലാമനെ വിമർശിച്ചും സ്വയം യേശുവായി ചിത്രീകരിച്ചും ട്രംപ് നടത്തിയ നീക്കങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ദൈവനിന്ദാ ആരോപണം ഉയർന്നതോടെ ട്രംപിന് ആ ചിത്രം പിൻവലിക്കേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാൻസിന്റെ പ്രസംഗത്തിനിടയിലും പ്രതിഷേധം ഉയർന്നത്.

‘Jesus doesn’t support genocide’: Protester interrupts JD Vance’s speech

More Stories from this section

family-dental
witywide