ജോൺസ് ഹോപ്കിൻസ് ഗവേഷകയെ ഐസിഇ കസ്റ്റഡിൽ നിന്ന് വിട്ടയച്ചു

വാഷിങ്ടൺ: അമേരിക്കയിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകയായ ഡോ. ഫാത്തിമ അമേക്കയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡിൽ നിന്ന് വിട്ടയച്ചു. മേരിലാൻഡിലെ ബാൾട്ടിമോർ–വാഷിങ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് കാമറൂൺ സ്വദേശിനിയായ അമേക്കയെ ഐസിഇ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

2024 ജൂൺ 13-ന് വിസയുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയിൽ തുടർന്നുവെന്നാരോപിച്ചാണ് അറസ്റ്റ് നടത്തിയതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചിരുന്നു. എന്നാൽ, 2029 വരെ സാധുതയുള്ള തൊഴിൽ അനുമതി ഉണ്ടായിരുന്നതും അവരുടെ അഭയാർഥി അപേക്ഷ പരിഗണനയിലുമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഫാർമസിയിൽ ഡോക്ടറേറ്റ് നേടിയ അമേക്ക, ജോൺസ് ഹോപ്കിൻസിന്റെ ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഗവേഷകയായി പ്രവർത്തിക്കുകയായിരുന്നു. അഞ്ചാംപനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള ഗവേഷണത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

അറസ്റ്റിനെ തുടർന്ന് സർവകലാശാല ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിയമസഹായം ഉൾപ്പെടെ ആവശ്യമായ എല്ലാ പിന്തുണയും ഡോ. അമേക്കയ്ക്ക് നൽകുന്നുണ്ടെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും അമേക്കയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇവരെ ലൂസിയാനയിലെ ഒരു ഐസിഇ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, വിസാ കാലാവധി കഴിഞ്ഞ് അമേരിക്കയിൽ തുടരുന്നവർക്കെതിരായ നടപടികൾ വിമാനത്താവളങ്ങളിൽ ശക്തമാക്കാൻ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ പുതിയ നീക്കങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഈ സംഭവം ശ്രദ്ധേയമായത്.

Johns Hopkins researcher released after being detained by ICE at Maryland airport

More Stories from this section

family-dental
witywide