
വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ ടെലിവിഷൻ അവതാരക സവന്ന ഗുത്രിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട അമ്മ നാൻസി ഗുത്രി (84) മരണപ്പെട്ടതായി സൂചന. ജനുവരിയിൽ ഇവരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മാധ്യമങ്ങൾക്ക് ലഭിച്ച രണ്ടാമത്തെ മോചനദ്രവ്യ സന്ദേശത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാൻസി ഗുത്രിയുടെ കുടുംബത്തെ അഭിസംബോധന ചെയ്ത് മാധ്യമങ്ങൾക്ക് അയച്ച രണ്ട് കത്തുകളിൽ രണ്ടാമത്തേതിലാണ് ഈ വിവരമുള്ളതെന്ന് ബിബിസിയുടെ യുഎസ് വാർത്താ പങ്കാളികളായ സിബിഎസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
തട്ടിക്കൊണ്ടുപോയവർ അയച്ചതെന്ന് കരുതുന്ന ആദ്യ കത്തിൽ നാൻസിയുടെ മോചനത്തിനായി ബിറ്റ്കോയിൻ രൂപത്തിൽ കോടിക്കണക്കിന് രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടർന്നു ലഭിച്ച രണ്ടാമത്തെ കത്തിൽ അവർ മരണപ്പെട്ടതായി വ്യക്തമാക്കുകയായിരുന്നു. നാൻസി ഗുത്രി മരിക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും കത്തിൽ പറയുന്നുണ്ട്. കൂടാതെ തട്ടിക്കൊണ്ടുപോയവർ കത്തിലൂടെ കുടുംബത്തോട് ക്ഷമാപണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പുറത്തുവന്ന കത്തുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പിമ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് തയ്യാറായിട്ടില്ല. എങ്കിലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 31-ന് രാത്രിയാണ് അർജോണയിലെ ട്യൂസണിലുള്ള കാറ്റലീന ഫൂട്ടിൽസിലെ വസതിയിൽ നിന്ന് നാൻസി ഗുത്രിയെ തട്ടിക്കൊണ്ടുപോയത്. അന്ന് രാത്രി കുടുംബത്തോടൊപ്പം അത്താഴം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇവരെ കാണാതായത്. ഫെബ്രുവരി 1-ന് രാവിലെ ഓൺലൈൻ ചർച്ച് സർവീസിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തനിയെ അധികദൂരം നടക്കാൻ ബുദ്ധിമുട്ടുള്ള നാൻസി ഗുത്രി പേസ്മേക്കർ ഘടിപ്പിച്ച വ്യക്തിയാണ്. പ്രതിദിനം കഴിക്കേണ്ട ഹൃദ്രോഗത്തിനുള്ള മരുന്നുകളും ഫോണും പേഴ്സും വീട്ടിൽ തന്നെയായിരുന്നു. തട്ടിക്കൊണ്ടുപോകൽ നടന്നതായി സംശയിക്കുന്ന നാൻസിയുടെ വീടിൻ്റെ മുൻവശത്തെ പൂമുഖത്ത് നിന്ന് രക്തക്കറകൾ കണ്ടെത്തുകയും അത് നാൻസിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. സംഭവസമയം വീടിന് സമീപത്തുകൂടി കടന്നുപോയ ഒരു കാറിന്റെയും മുഖംമൂടി ധരിച്ച ഒരാളുടെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പുലർച്ചെ 2:28-ഓടെ നാൻസിയുടെ പേസ്മേക്കർ വിച്ഛേദിക്കപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ അയച്ച കത്തിൽ നാൻസിയുടെ മോചനത്തിനായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ബിറ്റ്കോയിൻ ആവശ്യപ്പെട്ടിരുന്നു. നാൻസി ഗുത്രിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Kidnapped Nancy Guthrie reportedly dead; New letter with apology














