മാരകമായ ‘മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ബാധിച്ച് ലൂസിയാനയിൽ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കടൽവെള്ളവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് കൂടുതലായും രോഗബാധയുണ്ടാകുന്നത്. ഇതേത്തുടർന്ന് ബീച്ചിലെത്തുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. വൈബ്രിയോ ബാക്ടീരിയകളുടെ വലിയ വിഭാഗത്തിൽപ്പെടുന്നതാണ് വൈബ്രിയോ വൾനിഫിക്കസ്. പ്രധാനമായും ചൂടുള്ള തീരദേശ ജലത്തിലാണ് ഇവ കാണപ്പെടുന്നത്. ബാക്ടീരിയ കലർന്ന കടൽവെള്ളം തുറന്ന മുറിവിലൂടെ ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമായ അണുബാധയ്ക്ക് കാരണമാകുമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
പച്ചയോ വേണ്ടത്ര വേവിക്കാത്തതോ ആയ ഷെൽഫിഷ്, പ്രത്യേകിച്ച് മുത്തുച്ചിപ്പി, കഴിക്കുന്നതിലൂടെയും അണുബാധയുണ്ടാകാം. ഈ വർഷം ഇതുവരെ ലൂസിയാന ആരോഗ്യ വകുപ്പ് ഒമ്പത് കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമ്പത് കേസുകളും തുറന്ന മുറിവുകളുമായി കടൽവെള്ളത്തിൽ ഇറങ്ങിയവരിലാണെന്ന് അധികൃതർ പറഞ്ഞു. രോഗബാധിതരായ എല്ലാവർക്കും നേരത്തെ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. വെള്ളത്തിന്റെ താപനില ഉയരുന്ന മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് വൈബ്രിയോ ബാക്ടീരിയ കൂടുതലായി കാണപ്പെടുന്നത്.
അണുബാധ അപൂർവമാണെങ്കിലും വൈബ്രിയോ വൾനിഫിക്കസ് ‘വൈബ്രിയോസിസ്’ എന്ന രോഗത്തിന് കാരണമാകാം. ഛർദി, വയറിളക്കം, വയറുവേദന എന്നിവയ്ക്കൊപ്പം ഗുരുതരമായ ചർമ്മ അണുബാധയ്ക്കും ഇത് കാരണമാകാം.ഗുരുതരമായ അണുബാധയുള്ളവർക്ക് തീവ്രപരിചരണം ആവശ്യമായി വരാം. ചിലർക്ക് ശരീരത്തിലെ കൈകാലുകൾ മുറിച്ചുമാറ്റേണ്ട സാഹചര്യം വരാം. വൈബ്രിയോ വൾനിഫിക്കസ് ബാധിക്കുന്ന അഞ്ച് പേരിൽ ഒരാൾ മരിക്കാം. ചിലപ്പോൾ രോഗബാധിതനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ മരണം സംഭവിക്കാം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വൈബ്രിയോ മൂലമുള്ള ചർമ്മ അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങളിൽ പനി, ചുവപ്പ്, വേദന, വീക്കം, ചൂട്, ചർമ്മത്തിന്റെ നിറവ്യത്യാസം, മുറിവിൽനിന്നുള്ള സ്രവം എന്നിവ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ആരോഗ്യമുള്ളവരിൽ സാധാരണയായി നേരിയ ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർക്കും ദീർഘകാല കരൾ രോഗമുള്ളവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലൂസിയാനയിൽ മരിച്ച എല്ലാവർക്കും നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
വൈബ്രിയോ വൾനിഫിക്കസ് രക്തത്തിൽ പ്രവേശിച്ചാൽ പനി, വിറയൽ, സെപ്റ്റിക് ഷോക്ക്, ചർമ്മത്തിൽ കുമിളകളോടുകൂടിയ മുറിവുകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ അവസ്ഥയിലേക്ക് രോഗം മാറാം. ചില ഗുരുതര കേസുകളിൽ നെക്രോട്ടൈസിംഗ് ഫാഷിയൈറ്റിസ് എന്ന അണുബാധയും ഉണ്ടാകാം. തുറന്ന മുറിവിന് ചുറ്റുമുള്ള ശരീരകലകൾ നശിക്കുന്ന അവസ്ഥയാണിത്. ഈ അപൂർവ സങ്കീർണതയാണ് വൈബ്രിയോ വൾനിഫിക്കസിനെ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്ന് വിശേഷിപ്പിക്കാൻ കാരണമായത്.
ശരീരത്തിൽ പുതിയ മുറിവുകളോ ചതവുകളോ മറ്റേതെങ്കിലും തുറന്ന മുറിവുകളോ ഉണ്ടെങ്കിൽ ചൂടുള്ള കടൽവെള്ളത്തിലോ ഉപ്പുവെള്ളം കലർന്ന തീരദേശ ജലത്തിലോ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പച്ച മുത്തുച്ചിപ്പിയും മറ്റ് പച്ച ഷെൽഫിഷുകളും കഴിക്കുന്നതും പച്ച സമുദ്രവിഭവങ്ങളുമായോ അവയിൽനിന്നുള്ള സത്തുമായി മറ്റ് ഭക്ഷണങ്ങൾ കലരുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Flesh-eating bacteria kill 5 in Louisiana, health officials warn beachgoers as all cases are linked to seawater











