കൊച്ചി വിമാനത്താവളം വിൽക്കാതിരുന്നാൽ കൊള്ളാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണ് സർക്കാർ നീക്കമെന്ന് കെ.എൻ. ബാലഗോപാൽ

മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ കടം ആറ് ലക്ഷം കോടി രൂപയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പുതിയ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക രേഖകളോടെ അന്ന് ഇടതുപക്ഷം പറഞ്ഞ കണക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. സതീശന്റെ മുൻകാല വാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകൾ. ഖജനാവിന്റെ ദൈനംദിന വരുമാന-ചെലവ് വിവരങ്ങൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ ഉപയോഗിക്കരുതെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയെക്കുറിച്ചോ കേന്ദ്ര സർക്കാർ ഗ്രാന്റുകൾ വെട്ടിക്കുറച്ചതിനെക്കുറിച്ചോ ധവളപത്രത്തിൽ യാതൊരു പരാമർശവുമില്ല. പിഎം ശ്രീ പദ്ധതി വഴി മാത്രം 1500 കോടിയോളം രൂപയാണ് കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപാണ് കേരളം ബജറ്റ് അവതരിപ്പിച്ചത് എന്നതിനാൽ കൂടുതൽ കേന്ദ്രവിഹിതം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രം പെട്ടെന്ന് നിർത്തലാക്കുമെന്ന് മുൻകൂട്ടി അറിയാൻ തങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടില്ലെന്ന് പരിഹസിച്ച മുൻ ധനമന്ത്രി, കേന്ദ്രത്തിന്റെ ഈ നടപടിക്ക് പിണറായി വിജയനെ കുറ്റം പറയുന്നവർക്ക് ബിജെപി സർക്കാരിനെതിരെ സംസാരിക്കാൻ തന്റേടമില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക മുൻ സർക്കാർ തന്നെ പൂർണ്ണമായും തീർത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സർക്കാരിന്റെ പ്രധാന ലക്ഷ്യം പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കലാണെന്ന് ബാലഗോപാൽ ആരോപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് നിലവിലെ നീക്കം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വരുംദിവസങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വരെ ഇവർ വിറ്റഴിക്കുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത അഞ്ച് പ്രധാന ഗ്യാരന്റികൾ നടപ്പിലാക്കാൻ എത്ര തുക ചിലവ് വരുമെന്നതിനെക്കുറിച്ച് ധവളപത്രത്തിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും ഈ ഭാരിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ച് പഠിക്കാൻ നിലവിലെ സമിതിയോട് തന്നെ സർക്കാർ ആവശ്യപ്പെടണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

KN Balagopal criticizes economic white paper, accuses government of selling public sector units

Also Read

More Stories from this section

family-dental
witywide