തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച നടത്തി. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ള എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഞങ്ങളുടെ സർക്കാരും ഞങ്ങളുടെ മുഖ്യമന്ത്രിയുമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും കൂട്ടിച്ചേർത്തു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട കെ.എസ്.യുവിന്റെ നിലപാടുകൾ മുഖ്യമന്ത്രി ക്ഷമാപൂർവ്വം കേട്ടതായും ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അലോഷ്യസ് പറഞ്ഞു. എന്ത് തീരുമാനമാണ് സർക്കാർ കൈക്കൊള്ളുക എന്ന് മുൻകൂട്ടി പറയാനാകില്ലെങ്കിലും, കെ.എസ്.യുവിന്റെ താല്പര്യങ്ങൾ പരിഗണിച്ചുള്ള അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാരിനെതിരെ കെ.എസ്.യു തുറന്ന പോരിലാണെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കെ.എസ്.യു നേതൃത്വത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകിയത്. നേരത്തെ പരാതിയുമായി എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്ന കെ.എസ്.യുവിന്റെ ആക്ഷേപങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാൻഡ് ഇടപെടുകയും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അതൃപ്തി അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ സമവായ ചർച്ച നടന്നത്.
KSU President Aloysius Xavier Meets CM VD Satheesan to Resolve Feud















