ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; നിർമാണത്തിലിരുന്ന തുരങ്കത്തിൽ ചെളിയും വെള്ളവും ഇരച്ചുകയറി 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു. പിപൽക്കോട്ടിക്ക് സമീപം തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ്റെ കീഴിൽ നിർമാണത്തിലിരിക്കുന്ന വിഷ്ണുഗഡ്-പീപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ ദാരുണമായ അപകടമുണ്ടായത്.

കനത്ത മഴയെത്തുടർന്ന് മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ ഉള്ളിലേക്ക് പെട്ടെന്ന് ചെളിയും വെള്ളവും കുത്തിയൊലിച്ച് കയറുകയായിരുന്നു. പ്രവേശന കവാടത്തിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലാണ് അപകടം നടന്നത്. ഈ സമയം 22 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ഷിഫ്റ്റ് ജോലിയിലുണ്ടായിരുന്നു.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, പ്രാദേശിക പൊലീസ് എന്നിവരും ചേർന്ന് നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 15 തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇവരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.

Lightning strike and landslide in Uttarakhand: Seven workers die in tunnel under construction

More Stories from this section

family-dental
witywide