
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ കൗമാരക്കാർ പൊതുസ്ഥലങ്ങൾ കയ്യടക്കുന്ന ‘ടീൻ ടേക്ക് ഓവർ’ പ്രതിഭാസം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഓൺലൈൻ കൂട്ടായ്മകളും സോഷ്യൽ മീഡിയ ക്ഷണങ്ങളും വഴി ആയിരക്കണക്കിന് യുവാക്കളാണ് പെട്ടെന്ന് പൊതുവിടങ്ങളിൽ തടിച്ചുകൂടുന്നത്. ഇത്തരം കൂട്ടായ്മകൾ പലപ്പോഴും അക്രമാസക്തമാകുന്നതും വെടിവെയ്പ്പിലും കൊലപാതകങ്ങളിലും കലാശിക്കുന്നതും നഗര ഭരണകൂടങ്ങൾക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ മെയ് മാസം മുതൽ ഇതുവരെ നാൽപ്പതിലധികം ‘ടീൻ ടേക്ക് ഓവറുകൾ’ റിപ്പോർട്ട് ചെയ്ത നോർത്ത് കരോലിനയിലെ ഷാർലറ്റ് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നു. ഇതിൻ്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ളവർക്ക് രാത്രി 9 മണി മുതൽ കർഫ്യൂ ഏർപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം. യുവാക്കളുടെയും നഗരത്തിൻ്റെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് കൗൺസിൽ അംഗം ഡാൻ്റെ ആൻഡേഴ്സൺ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 10-ന് ഷാർലറ്റിലെ യൂണിവേഴ്സിറ്റി സിറ്റി ബോർഡ്‌വാക്കിൽ നടന്ന സമാനമായ ഒരു കൂട്ടായ്മയിൽ മുന്നൂറോളം യുവാക്കൾ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 12 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും, കുട്ടികളുടെ മേൽ നോട്ടക്കുറവിന് 10 രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. നിലവിലെ കർഫ്യൂ സമയം പുനഃക്രമീകരിച്ച് നിയമം കൂടുതൽ കർശനമാക്കാനാണ് പൊലീസ് ചീഫ് എസ്റ്റെല്ല പാറ്റേഴ്സൺ സിറ്റി കൗൺസിലിനോട് ശുപാർശ ചെയ്തിരിക്കുന്നത്.
ഫ്ലോറിഡയിലെ പെൻസക്കോളയിൽ ജൂലൈ നാലിന് രാത്രി നടന്ന ടീൻ ടേക്ക് ഓവർ വലിയ ദുരന്തത്തിലാണ് കലാശിച്ചത്. നൂറുകണക്കിന് യുവാക്കൾ ഒത്തുകൂടിയ പരിപാടിയിലുണ്ടായ സംഘർഷത്തിലും വെടിവെയ്പ്പിലും പെട്ട് 19 വയസ്സുകാരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനമായ ക്രിമിനൽ നടപടികളിലേക്ക് നീങ്ങാനാണ് ഫ്ലോറിഡ ഭരണകൂടത്തിൻ്റെ തീരുമാനം. കൗമാരക്കാരെ പൊതുസ്ഥലങ്ങളിൽ തടിച്ചുകൂടാൻ പ്രേരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെയും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന സംഘാടകരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്ന് ഫ്ലോറിഡ ലെഫ്റ്റനൻ്റ് ഗവർണർ ജെയ് കോളിൻസ് അറിയിച്ചു. കുട്ടികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘Teen takeover’ by boys is spreading in the US; Cities with curfews and restrictions















