
വാഷിംഗ്ടൺ ഡിസി: പ്രശസ്തമായ കെന്നഡി സാംസ്കാരിക കേന്ദ്രത്തിൻ്റെ മുൻപിൽ നിന്ന് കോടതി ഉത്തരവിനെത്തുടർന്ന് നീക്കം ചെയ്ത ഡോണൾഡ് ട്രംപിൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ ഭരണസമിതി യോഗത്തിൽ തീരുമാനം. ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള ബോർഡാണ്, കോടതി നിർദ്ദേശത്തെ മറികടക്കാൻ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് “Restored and Renovated By President Donald J. Trump” (പ്രസിഡൻ്റ് ഡോണൾഡ് ജെ. ട്രംപ് പുനരുദ്ധരിച്ചതും നവീകരിച്ചതും) എന്ന് ചേർക്കാനാണ് വ്യാഴാഴ്ച നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങൾ വോട്ട് ചെയ്തത്. കോടതി വിധിയെയും യുഎസ് കോൺഗ്രസ് പാസാക്കിയ നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് ബോർഡ് അംഗവും ഡെമോക്രാറ്റിക് കോൺഗ്രസ് പ്രതിനിധിയുമായ ജോയ്‌സ് ബീറ്റി ശക്തമായി വിമർശിച്ചു.
യുഎസ് നിയമപ്രകാരം കെന്നഡി സെൻ്റർ മുൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയുടെ ദേശീയ സ്മാരകമായാണ് നിലകൊള്ളുന്നത്. കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇതിൻ്റെ പേര് മാറ്റാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ കഴിഞ്ഞ മേയ് മാസത്തിൽ ട്രംപിൻ്റെ പേര് നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് പേര് വെട്ടിമാറ്റിയത്.
എന്നാൽ, 2025 ഫെബ്രുവരിയിൽ കേന്ദ്രത്തിൻ്റെ ട്രസ്റ്റിമാരെ അഴിച്ചുപണിത് ട്രംപ് സ്വയം ചെയർമാനായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പേര് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമം നടക്കുന്നത്. കോടതി മുൻപ് തടഞ്ഞ വെച്ച, രണ്ട് വർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്രം താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനത്തിനും ബോർഡ് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.
ട്രംപിൻ്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ കെന്നഡി സെൻ്റർ ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലിസ് ഹസ്റ്റൺ പ്രസ്താവനയിൽ അവകാശപ്പെട്ടു. അതേസമയം, സാംസ്കാരിക കേന്ദ്രത്തിൻ്റെ പൈതൃകം സംരക്ഷിക്കാൻ നിയമപോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് നേതാക്കൾ വ്യക്തമാക്കി.
Trump’s name returns to Kennedy Center; Governing Body votes to override court order















