ലെവിറ്റ് പടിയിറങ്ങിയാൽ മാധ്യമങ്ങളോട് കൊമ്പുകോർക്കാൻ ട്രംപിൻ്റെ പുതിയ പടയാളി ആര്? വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് വൻ പോരാട്ടം; പട്ടികയിൽ ഏഴുപേർ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും വിശ്വസ്തയായ ഉപദേശകയും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുമായ കരോലിൻ ലെവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുന്നതോടെ, വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ വക്താവിനായുള്ള ചർച്ചകൾ സജീവമായി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനായി ലെവിറ്റ് പടിയിറങ്ങുമ്പോൾ, പകരം മാധ്യമങ്ങളെ നേരിടാൻ ട്രംപ് ആരെയാകും നിയോഗിക്കുക എന്ന കാര്യത്തിൽ വൻ ആകാംഷയാണ് നിലനിൽക്കുന്നത്.

മാധ്യമങ്ങളോട് കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ പ്രസ് സെക്രട്ടറി പദവി കടുത്ത വെല്ലുവിളികൾ നിറഞ്ഞതാണ്. ലെവിറ്റിൻ്റെ താൽക്കാലിക അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയ പ്രമുഖർ തന്നെ നേരിട്ട് വാർത്താസമ്മേളനങ്ങൾ നയിച്ചിരുന്നു. ഈ പദവിയിലേക്ക് നിലവിൽ മുൻപന്തിയിലുള്ളത് ഏഴ് പ്രമുഖരാണ്.

1. അലീന ഹബ്ബ

ട്രംപിൻ്റെ വ്യക്തിഗത അഭിഭാഷകയും അസിസ്റ്റൻ്റും എന്ന നിലയിൽ പ്രശസ്തയായ 42-കാരിയായ അലീന ഹബ്ബ, നിലവിൽ ട്രംപിൻ്റെ കൗൺസിലറായി വൈറ്റ് ഹൗസിൽ സേവനമനുഷ്ഠിക്കുന്നു. ന്യൂയോർക്കിലെ വിവാദപരമായ ഹഷ്-മണി കേസ് ഉൾപ്പെടെയുള്ള ട്രംപിൻ്റെ പല സുപ്രധാന നിയമപോരാട്ടങ്ങളിലും മുൻനിരയിൽ നിന്ന് ട്രംപിനെ പ്രതിരോധിച്ച വ്യക്തിയാണ് ഇവർ. ട്രംപ് ഇവരെ “നീതിക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന വിശ്വസ്ത” എന്നാണ് വിശേഷിപ്പിച്ചത്. മാധ്യമങ്ങളെയും പ്രതിപക്ഷ വിമർശനങ്ങളെയും അതിശക്തമായി നേരിടാനുള്ള അവരുടെ വാക്ചാതുരിയും ട്രംപിനോടുള്ള കടുത്ത വിശ്വസ്തതയും പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് അവരെ ഏറ്റവും ശക്തയായ മത്സരാർത്ഥിയാക്കുന്നു.

2. സ്റ്റീവൻ ചെയുങ്

നിലവിലെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും ട്രംപിൻ്റെ ദീർഘകാല മാധ്യമ ഉപദേശകനുമാണ് ഇദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്സിയുടെ കമ്മ്യൂണിക്കേഷൻസ് തലവനായി പ്രവർത്തിച്ചിട്ടുള്ള ചെയുങ്, മാധ്യമങ്ങളോട് കടുത്തതും ആക്രമണാത്മകവുമായ നിലപാട് സ്വീകരിക്കുന്നതിൽ പ്രശസ്തനാണ്. 2016 മുതൽ ട്രംപിൻ്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ട്രംപിൻ്റെ മാധ്യമ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ചെയുങ് ഈ പദവിയിലെത്തിയാൽ മാധ്യമങ്ങളുമായുള്ള വൈറ്റ് ഹൗസിന്റെ ബന്ധം കൂടുതൽ കടുപ്പമേറിയതാകും.

3. കേറ്റി മില്ലർ

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെ ഭാര്യയായ 34-കാരിയായ കേറ്റി മില്ലർ, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ പ്രമുഖ കൺസർവേറ്റീവ് പോഡ്കാസ്റ്ററും മാധ്യമ പ്രവർത്തകയുമാണ്. മുൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിൻ്റെ പ്രസ് സെക്രട്ടറിയായും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച് വൈറ്റ് ഹൗസിൽ മികച്ച പരിചയസമ്പത്തുണ്ട് ഇവർക്ക്. കൂടാതെ, ഇലോൺ മസ്ക് നയിക്കുന്ന ചെലവ് ചുരുക്കൽ പദ്ധതിയായ ‘ഡോജിൻ്റെ’ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും മികച്ച ആശയവിനിമയ ശൈലിയും ഇവർക്ക് അനുകൂല ഘടകങ്ങളാണ്.

4. അന്ന കെല്ലി

നിലവിൽ കരോലിൻ ലെവിറ്റിന് കീഴിൽ വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന 29-കാരിയാണ് അന്ന കെല്ലി. മുൻ ബ്യൂട്ടി ക്വീൻ കൂടിയായ അന്ന കെല്ലി, റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ നാഷണൽ പ്രസ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വൈറ്റ് ഹൗസിനായി മാധ്യമങ്ങളെ നേരിടുന്നതിൽ സജീവമാണ്. നിലവിലെ ഓഫിസ് സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാൽ ഭരണപരമായ മാറ്റങ്ങൾ എളുപ്പമാക്കാൻ അന്ന കെല്ലിയെ ട്രംപ് പരിഗണിച്ചേക്കാം.

5. സാേജ് സ്റ്റീൽ

സ്പോർട്സ് സെൻ്റർ ഉൾപ്പെടെയുള്ള പ്രമുഖ കായിക പരിപാടികളുടെ മുൻ അവതാരകയും പ്രശസ്ത സ്പോർട്സ് കാസ്റ്ററുമായ 53-കാരി. 2024-ലെ തിരഞ്ഞെടുപ്പിൽ ട്രംപിനായി രാജ്യത്തുടനീളം വൻ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. നിലവിൽ വലതുപക്ഷ കൺസർവേറ്റീവ് മാധ്യമങ്ങളിൽ ട്രംപിൻ്റെ ശക്തമായ ശബ്ദമാണ് സാേജ് സ്റ്റീൽ. കാമറയ്ക്ക് മുന്നിലുള്ള ദീർഘകാല പരിചയവും ജനപ്രീതിയും വാർത്താസമ്മേളനങ്ങൾ ആകർഷകമാക്കാൻ സഹായിക്കുമെന്നത് അനുകൂല ഘടകമാണ്.

6. ട്രിസിയ മക്ലോഗ്ലിൻ

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിലെ മുൻ അസിസ്റ്റൻ്റ് സെക്രട്ടറിയായ ഇവർ ആദ്യ ട്രംപ് ഭരണകൂടത്തിൽ ട്രഷറിയിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിലും പ്രവർത്തിച്ചിട്ടുണ്ട്. എബിസി ന്യൂസ് രാഷ്ട്രീയ നിരീക്ഷകയായ ഇവർ വിവേക് രാമസ്വാമിയുടെ പ്രസിഡൻഷ്യൽ കാമ്പെയ്ൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു. ട്രംപിൻ്റെ കുടിയേറ്റ നയങ്ങളെ ടെലിവിഷൻ ചർച്ചകളിൽ ശക്തമായി ന്യായീകരിച്ച് ശ്രദ്ധേയയായി.

7. സ്കോട്ട് ജെന്നിംഗ്സ്

സിഎൻഎൻ ചാനലിലെ മുതിർന്ന രാഷ്ട്രീയ നിരീക്ഷകനും കൺസർവേറ്റീവ് കമന്റേറ്ററുമായ 48-കാരൻ. നാല് പ്രസിഡൻഷ്യൽ കാമ്പെയ്നുകളിൽ പ്രവർത്തിച്ച മികച്ച അനുഭവസമ്പത്തുണ്ട്. സിഎൻഎൻ പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ ട്രംപ് ഭരണകൂടത്തെയും ട്രംപിൻ്റെ നയങ്ങളെയും അതിശക്തമായി പ്രതിരോധിക്കുന്നതിൽ ഇദ്ദേഹം മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. ട്രംപ് തന്നെ ഇദ്ദേഹത്തിൻ്റെ കഴിവിനെ പൊതുവേദികളിൽ പ്രശംസിച്ചിട്ടുണ്ട്.

ഇവരിൽ പ്രസിഡൻ്റ് ട്രംപിൻ്റെ കടുത്ത മാധ്യമ തന്ത്രങ്ങളുമായി ഏറ്റവും കൂടുതൽ ഒത്തുപോകുന്ന ഒരു വിശ്വസ്ത മുഖത്തെയാകും വരും ദിവസങ്ങളിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Huge fight for the White House press secretary position; Seven people on the list

More Stories from this section

family-dental
witywide