
ഹൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിലുണ്ടായ മോട്ടോർ വാഹന അപകടത്തിൽ ഷുഗർലാൻഡ് നിവാസിയും മലയാളിയുമായ ലിസി തോമസ് മരണപ്പെട്ടു. ഓഗസ്റ്റ് 27നായിരുന്നു സംഭവം. വൈകുന്നേരം പതിവുപോലെ നടക്കാൻ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ലോക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്.
ഷുഗർ ലാൻഡിലെ ന്യൂടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഷുഗർലാൻഡ് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. നാട്ടിൽ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്റെ ഭാര്യയാണ് ലിസി. ഹ്യൂസ്റ്റനിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിൻറെ ഉടമ ബിജു ജോർജ് സഹോദരനാണ്.
ഹൂസ്റ്റണിലെ വി.എ. ഹോസ്പിറ്റലിലാണ് ലിസി ജോലി ചെയ്യുന്നത്. ഇവിടത്തെ സെൻറ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയാണ് ലിസി തോമസ്. അവരുടെ മനോഗുണ പ്രവർത്തനങ്ങൾ കൊണ്ട് ഏവരുടെയും സ്നേഹാദരങ്ങൾ ലിസി ആർജിച്ചിരുന്നു. ലിസിയുടെ വേർപാട് വീട്ടുകാർക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്‌ത്തി.
Lissy Thomas, a Malayali, died in a motor vehicle accident in Houston.













