
ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
നവംബർ 13ന് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് സമൻസ് നൽകാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് അമേരിക്കൻ കോടതി സഹായം തേടിയിരിക്കുന്നത്. ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരമാണ് നടപടി.
നയതന്ത്ര, ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള മുൻ ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ദില്ലി കോടതികളുടെ സഹായം തേടിയത്.
2024ലാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പന്നൂൻ അമേരിക്കയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. അജിത് ദോവലും സമന്ത് ഗോയലും ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു ആരോപണം.
അതേസമയം, കേസിനോടുള്ള ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പന്നൂന്റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇത്തരം പരാതികളും ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.
വിദേശ കോടതികളിൽ നിന്നുള്ള രേഖകൾ ഇന്ത്യയിൽ കൈമാറുന്നതിനുള്ള അപേക്ഷകൾ കേന്ദ്രസർക്കാരിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയായിരിക്കണമെന്ന നിലപാടും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അജിത് ദോവലിനും സമന്ത് ഗോയലിനുമുള്ള അമേരിക്കൻ കോടതി സമൻസുകൾ കൈമാറാൻ ദില്ലിയിലെ കോടതികൾ സഹായിക്കുമോ എന്നതാണ് ഇനി നിർണായകം.















