
വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിൽ വിമാനത്താവളത്തിൽ അലാസ്ക എയർലൈൻസ് വിമാനത്തിൽ കയറുന്നതിനിടെ രണ്ട് യാത്രക്കാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ സിയാറ്റിൽ-ടാക്കോമ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയുണ്ടായ നടപടി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെത്തുടർന്ന് വിമാനം വൈകുകയും ചെയ്തു.
മുഖംമൂടി ധരിച്ചെത്തിയ ഉദ്യോഗസ്ഥർ യാത്രക്കാരിൽ ഒരാളെ ബലമായി വിമാനത്തിന്റെ ജെറ്റ് ബ്രിഡ്ജിലൂടെ വലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തന്റെ മകളെയാണ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതെന്നും അവൾക്ക് ജോലി ചെയ്യാനുള്ള അനുമതിയുണ്ടെന്നും ഒരു സ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മെക്സിക്കൻ പൗരനായ റിക്കാർഡോ ലാറോണ്ടോ മെൻഡോസ എന്നയാളെ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയായിരുന്നുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അറസ്റ്റിനിടെ ഉദ്യോഗസ്ഥർക്കുനേരെ ചൂടുകാപ്പി എറിഞ്ഞുവെന്നാരോപിച്ച് മറ്റൊരു യാത്രക്കാരിയായ സോഫിയ ഹെർണാണ്ടസ് മെഹിയയെയും പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് അലാസ്ക എയർലൈൻസ് അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ അനുഭവം ഏറെ വിഷമകരമാണെന്നും സംഭവത്തിൽ വിമാനത്താവളം നിയന്ത്രിക്കുന്ന പോർട്ട് ഓഫ് സിയാറ്റിലുമായി ചേർന്ന് അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി. പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ട അധികാരികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തിൽ കുടുംബത്തിനും മറ്റ് യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ പോർട്ട് ഓഫ് സിയാറ്റിലും ആശങ്ക രേഖപ്പെടുത്തി.
സംഭവത്തെ വാഷിങ്ടൺ ഗവർണർ ബോബ് ഫെർഗൂസൻ വിമർശിച്ചു. മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ ആളുകളെ വിമാനത്തിൽ കയറുന്നതിനിടെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അംഗം പ്രമീള ജയപാലും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വിമാനത്താവളങ്ങളിലെ ഐസിഇ അറസ്റ്റുകൾ അടുത്ത മാസങ്ങളിലായി വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ ഐസിഇ 4.91 ലക്ഷം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.















