അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിശക്തമായ ചൂട് തുടരുന്നു. കാലിഫോർണിയ മുതൽ ഡക്കോട്ടാസ് വരെ 4.5 കോടിയിലധികം ആളുകൾക്ക് അപകടകരമായ ചൂട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ലോസ് ആഞ്ചലസ് ഉൾപ്പെടെ അഞ്ച് പ്രധാന നഗരങ്ങളിൽ എക്സ്ട്രീം ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. അരിസോണയിലെ ഫീനിക്സിൽ താപനില 116 ഡിഗ്രി ഫാരൻഹീറ്റ് (46.7°C) വരെ ഉയരുമെന്നാണ് പ്രവചനം. സൗത്ത് ഡക്കോട്ടയിലെ റാപിഡ് സിറ്റിയിൽ 103 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്താനും സാധ്യതയുണ്ട്. ഫീനിക്സ്, ലോസ് ആഞ്ചലസ്, ലാസ് വെഗാസ്, ട്യൂസൺ, സാൾട്ട് ലേക്ക് സിറ്റി എന്നീ നഗരങ്ങളിലാണ് അതിതീവ്ര ചൂട് മുന്നറിയിപ്പ് നിലവിലുള്ളത്.
ഡെൻവർ, ഫ്രെസ്നോ, ബിസ്മാർക്ക്, റാപിഡ് സിറ്റി എന്നിവിടങ്ങളിലും ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന താപനിലയ്‌ക്കൊപ്പം വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തുടരുന്നതിനാൽ കാട്ടുതീ ഭീഷണിയും രൂക്ഷമായിരിക്കുകയാണ്. വാഷിങ്ടൺ സംസ്ഥാനത്തെ സ്പോക്കെയ്ൻ കൗണ്ടിയിൽ ശനിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതിനകം 5,000 ഏക്കറിലധികം പ്രദേശത്തേക്ക് വ്യാപിച്ചു. തീപിടിത്തത്തിൽ 600ഓളം കെട്ടിടങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായും 4,000ത്തോളം കെട്ടിടങ്ങൾ ഇപ്പോഴും അപകടഭീഷണിയിലാണെന്നും അധികൃതർ അറിയിച്ചു. നിരവധി പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
മൊണ്ടാന മുതൽ യൂട്ടാ വരെയുള്ള മേഖലകളിലും നെബ്രാസ്ക, നെവാഡ, ഡക്കോട്ടാസ് സംസ്ഥാനങ്ങളിലുമെല്ലാം കാട്ടുതീ സാധ്യത ഉയർന്നതിനാൽ റെഡ് ഫ്ലാഗ് വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മിഷിഗൺ, ഇൻഡിയാന, പെൻസിൽവാനിയ, വിർജീനിയ, നോർത്ത് കരോലിന, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ഫ്ലഡ് വാച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഈ ഭീഷണി ന്യൂയോർക്ക് സിറ്റിയിലേക്കും ന്യൂ ഇംഗ്ലണ്ട് മേഖലയിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Los Angeles, Las Vegas among 5 US cities bracing for extreme heat










