തരംതാഴ്ന്ന രാഷ്ട്രീയ തന്ത്രമെന്ന് വ്യാപക വിമർശനം , ഒടുവിൽ വിവാദ പരസ്യം പിൻവലിച്ച് വിവേക് രാമസ്വാമി, ഇത് വൈകി വന്ന ‘വിവേകം’

ഒഹായോ: അമേരിക്കയിലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ വിവേക് രാമസ്വാമിയുടെ പ്രചാരണ പരസ്യം കടുത്ത ജനരോഷത്തെ തുടർന്ന് പിൻവലിച്ചു. തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ആമി ആക്ടന്റെ കുട്ടിക്കാലത്തെ ലൈംഗിക പീഡന വിവരങ്ങളും കുടുംബ പശ്ചാത്തലവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച പരസ്യമാണ് വിവാദത്തിലായത്. ആമി ആക്ടനുമായി വർഷങ്ങളായി അകന്നു കഴിയുന്ന അമ്മയെ ഉൾപ്പെടുത്തിയായിരുന്നു രാമസ്വാമിയുടെ പ്രചാരണ വിഭാഗം പരസ്യം നിർമ്മിച്ചത്.

ആമി ആക്ടന് 10 മുതൽ 12 വയസ്സ് വരെ പ്രായമുള്ളപ്പോൾ അവരുടെ രണ്ടാനച്ഛൻ ക്ലെഡിത്ത് ആർതർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. തുടർന്ന് 1978-ൽ ആമിയുടെ അമ്മ ഡോണ ആർതറിന് മകളുടെ സംരക്ഷണ ചുമതല കോടതി റദ്ദാക്കുകയുണ്ടായി. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ പരസ്യത്തിൽ ഉൾപ്പെടുത്തി എതിരാളിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതാണ് ഇരുപാർട്ടികളിലെയും നേതാക്കൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായത്.

എന്നാൽ പരസ്യം പിൻവലിച്ചതല്ലെന്നും അതിന്റെ കാലാവധി പൂർത്തിയായതിനാലാണ് മാറ്റിയതെന്നുമാണ് വിവേക് രാമസ്വാമിയുടെ വിശദീകരണം. പരസ്യങ്ങൾ തരംതാഴ്ന്ന ചർച്ചകൾക്ക് വഴിമാറുന്നുവെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാക്കി മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രാമസ്വാമി വാർത്താലേഖകരോട് പറഞ്ഞു.

അതേസമയം, ഡോണൾഡ് ട്രംപ് ഈ പരസ്യത്തെ പരസ്യമായി ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പരസ്യത്തിൽ പങ്കെടുത്ത അമ്മ കടുത്ത മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തിയാണെന്നും, പൂച്ചകൾക്കൊപ്പം സ്വന്തം കാറിലാണ് ഇവർ ജീവിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ കുട്ടിക്കാലത്തെ ദുരന്തങ്ങളെയും ദാരിദ്ര്യത്തെയും രാഷ്ട്രീയ ലാഭത്തിനായി രാമസ്വാമി മനഃപൂർവ്വം ചൂഷണം ചെയ്യുകയാണെന്ന് ആമി ആക്ടൻ പ്രതികരിച്ചു. പരാജയഭീതി പൂണ്ട രാമസ്വാമിയുടെ ഇത്തരം തരംതാഴ്ന്ന തന്ത്രങ്ങൾ ഒഹായോയിലെ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും ആമി ആക്ടൻ വ്യക്തമാക്കി.

Widely criticized as a low-level political tactic, the controversial advertisement has finally been withdrawn by Vivek Ramaswamy—a belated display of ‘wisdom’ (vivekam).

Also Read

More Stories from this section

family-dental
witywide