സിഗ്നൽ ആപ്പിലൂടെയും ഹോട്ടലിൽ വെച്ചും യുഎസ് യുദ്ധരഹസ്യങ്ങൾ ചോർത്തി; ആർമി ജനറലിനെ പുറത്താക്കി പെൻ്റഗൺ

വാഷിംഗ്ടൺ: ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രതിരോധ വകുപ്പിന്റെ അതിതീവ്ര രഹസ്യവിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകിയ കേസിൽ യുഎസ് ആർമി ലെഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് സിൽവിയയെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം നിരന്തരമായി രഹസ്യവിവരങ്ങൾ ചോർത്തിയിരുന്നതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ സ്ട്രാറ്റജി, പ്ലാൻസ് ആൻഡ് പോളിസി ഡയറക്ടറേറ്റ് മേധാവിയായിരുന്നു സിൽവിയ. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നുണ പരിശോധനകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന്, വിവരങ്ങൾ കൈമാറിയതായി വീഡിയോ റെക്കോർഡിംഗിലൂടെ ജനറൽ സമ്മതിക്കുകയായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കേസ് നിലവിൽ തുടരന്വേഷണങ്ങൾക്കായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയിരിക്കുകയാണ്.

പെന്റഗൺ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശേഷവും സിൽവിയ വിവരങ്ങൾ ചോർത്തുന്നത് തുടർന്നിരുന്നു. ‘സിഗ്നൽ’ എന്ന എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പ് വഴിയാണ് ഇയാൾ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നത്. പെന്റഗണിലേക്കുള്ള പ്രവേശനം റദ്ദാക്കപ്പെട്ട ഒരു പ്രമുഖ മാധ്യമപ്രവർത്തകനുമായി വിർജീനിയയിലെ ആർലിംഗ്ടണിലുള്ള ‘സിൽവർ ഡൈനർ’ ഹോട്ടലിൽ വെച്ച് ഇയാൾ രഹസ്യ കൂടിക്കാഴ്ച നടത്തി. യുക്രെയ്നുള്ള യുഎസ് സൈനിക സഹായത്തെക്കുറിച്ചുള്ള പ്രതിരോധ കുറിപ്പുകളാണ് ഈ കൂടിക്കാഴ്ചയിൽ ജനറൽ വാമൊഴിയായി പങ്കുവെച്ചത്. പെന്റഗണിന്റെ ഔദ്യോഗിക അനുമതികളോ പബ്ലിക് അഫയേഴ്സ് ഓഫീസിന്റെ അറിവോ കൂടാതെയായിരുന്നു ഈ നീക്കങ്ങൾ.

റിപ്പോർട്ടർമാരുമായുള്ള നിർണായക സന്ദേശങ്ങൾ ഫോണിൽ നിന്നും മനഃപൂർവം ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ സിൽവിയ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് സിൽവിയയുടെ വാദം. കൂടാതെ, പ്രതിരോധ നേതൃത്വത്തെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നിലും സിൽവിയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ ആർമി ജനറലിന് വലിയ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്താൻ ഭരണകൂടം കർശനമായ നിരീക്ഷണം നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു.

ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിവരങ്ങളാണ് ജനറൽ മാധ്യമങ്ങൾക്ക് നൽകിയതെന്ന് പ്രതിരോധ വകുപ്പ് വക്താക്കൾ അറിയിച്ചു. എന്നാൽ ഇയാൾ ഇറാൻ യുദ്ധത്തിന്റെ പ്രധാന ആസൂത്രകനല്ലെന്നും, ആ ചുമതല യുഎസ് സെൻട്രൽ കമാൻഡിനാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

അനധികൃതമായി വിവരങ്ങൾ പുറത്തുവിടുന്ന ഉദ്യോഗസ്ഥർക്കെതിരെ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെറ്റ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ പുറത്താക്കൽ. വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് പെന്റഗൺ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഹെഗ്സെറ്റിന്റെ കീഴിൽ ഈ തസ്തികയിൽ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനാണ് സിൽവിയ. ഇയാൾക്ക് പകരം പുതിയ നിയമനങ്ങൾ ഒന്നും പെന്റഗൺ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

US war secrets leaked to the media via the Signal app and from a hotel; Pentagon dismisses Army general.

Also Read

More Stories from this section

family-dental
witywide