അമേരിക്കൻ ആരോഗ്യരംഗത്ത് വൻ മാറ്റം: സിഡിസി തലപ്പത്തേക്ക് ഡോ. എറിക്ക ഷ്വാർട്സിനെ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (CDC) പുതിയ ഡയറക്ടറായി ഡോ. എറിക്ക ഷ്വാർട്സിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. തൻ്റെ പുതിയ ഭരണകൂടത്തിലെ സുപ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളുടെ ഭാഗമായാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “അവർ ഒരു താരമാണ് (STAR)!” എന്ന് പ്രസിഡൻ്റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അവരെ “അതിശയിപ്പിക്കുന്ന പ്രതിഭ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സിഡിസി തലപ്പത്തേക്ക് ട്രംപിൻ്റെ പ്രധാന പരിഗണനയിൽ ഷ്വാർട്‌സ് ഉണ്ടെന്ന് സിബിഎസ് ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജോ ബൈഡൻ സർക്കാരിന് കീഴിലുണ്ടായിരുന്ന സിഡിസിയെ വിമർശിച്ചുകൊണ്ട്, “ഈ ബഹുമാന്യരായ ഡോക്ടർമാർക്ക് സിഡിസിയിൽ ശാസ്ത്രത്തിൻ്റെ സുവർണ്ണ നിലവാരം വീണ്ടെടുക്കാനുള്ള അറിവും അനുഭവപരിചയവും ഉയർന്ന ബിരുദങ്ങളുമുണ്ട്” എന്നും ട്രംപ് കൂട്ടിച്ചേർത്തു.

പൊതുജനാരോഗ്യ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള ഡോ. എറിക്ക, നിലവിൽ കോസ്റ്റ് ഗാർഡിൻ്റെ ഹെൽത്ത്, സേഫ്റ്റി ആൻഡ് വർക്ക്-ലൈഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. അവർ 41 ക്ലിനിക്കുകളുടെയും 150 സിക്ക് ബേകളുടെയും മേൽനോട്ടംകൂടി വഹിക്കുന്നുണ്ട്. കൂടാതെ ആന്ത്രാക്സ്, വസൂരി വാക്സിനേഷൻ നയങ്ങൾ നടപ്പിലാക്കുന്നതിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും എബോള പ്രതിസന്ധി നേരിടുന്നതിലും അവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഡെപ്യൂട്ടി സർജൻ ജനറലായി സേവനമനുഷ്ഠിച്ച അവർ, കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലും വാക്സിൻ വിതരണത്തിനായുള്ള ‘ഓപ്പറേഷൻ വാർപ്പ് സ്പീഡ്’ പദ്ധതിയിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രത്തോടൊപ്പം നിയമബിരുദവും (JD) മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്തും (MPH) കരസ്ഥമാക്കിയ ചുരുക്കം ചില ആരോഗ്യ വിദഗ്ധരിൽ ഒരാളാണ് ഇവർ.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായ ഒരു ഡയറക്ടർ ഇല്ലാതിരുന്ന സിഡിസിയിൽ ഡോ. എറിക്കയുടെ വരവ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായി (RFK Jr.) സഹകരിച്ചായിരിക്കും ഡോ. എറിക്ക പ്രവർത്തിക്കുക. അമേരിക്കക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇവർ മുൻഗണന നൽകും.

“അസാമാന്യ ബുദ്ധിശക്തിയും കാര്യക്ഷമതയുമുള്ള വ്യക്തി” എന്നാണ് മുൻ സഹപ്രവർത്തകർ ഡോ. എറിക്കയെ വിശേഷിപ്പിക്കുന്നത്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഡോ. എറിക്ക ഔദ്യോഗികമായി ചുമതലയേൽക്കും. പൊതുജനാരോഗ്യം കൂടുതൽ ശാസ്ത്രീയവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമനം.

നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഡോ. ജയ് ഭട്ടാചാര്യയാണ് സിഡിസിയുടെ ആക്ടിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നത്. മുൻ സിഡിസി ഡയറക്ടർ സൂസൻ മോണാരെസ് സെനറ്റ് അംഗീകാരം ലഭിച്ച് ഒരു മാസത്തിനുള്ളിൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടിരുന്നു. കൂടാതെ, സിഡിസി ഡെപ്യൂട്ടി ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സീൻ സ്ലോവൻസ്കിയെയും, ഡെപ്യൂട്ടി ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായി ഡോ. ജെന്നിഫർ ഷുഫോർഡിനെയും ട്രംപ് നിർദ്ദേശിച്ചു. ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിൻ്റെ പബ്ലിക് ഹെൽത്ത് സീനിയർ കൗൺസിലറായി ഡോ. സാറ ബ്രെന്നറെയും നിയമിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

Major change in American healthcare: Trump announces Dr. Erica Schwartz to head CDC

More Stories from this section

family-dental
witywide