വാഷിങ്ടൺ: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തുവെന്നും അവരുടെ സ്വകാര്യതയും മാനസികാരോഗ്യവും അപകടത്തിലാക്കിയെന്നും ആരോപിച്ച് മെറ്റക്കെതിരായ നിർണായക നിയമപോരാട്ടത്തിന് യുഎസിൽ തുടക്കമാകുന്നു. കേസിൽ മെറ്റ പരാജയപ്പെട്ടാൽ ഇൻസ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം.
കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജേഴ്സി എന്നിവയുൾപ്പെടെ യുഎസ് സംസ്ഥാനങ്ങളാണ് കേസിന് നേതൃത്വം നൽകുന്നത്. കുട്ടികളുടെ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചതിനും യുവാക്കളെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തതിനുമാണ് മെറ്റക്കെതിരെ ആരോപണം.
1.4 ട്രില്യൺ ഡോളർ വരെ നഷ്ടപരിഹാരം?
സംസ്ഥാനങ്ങൾ മെറ്റയിൽ നിന്ന് 1.4 ട്രില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിലവിലുള്ള നിരവധി ഫീച്ചറുകൾ മാറ്റണമെന്നും ആവശ്യപ്പെടുന്നു.
പ്രധാന ആവശ്യങ്ങൾ:
* കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാൻ മാതാപിതാക്കളുടെ പരിശോധനാ സംവിധാനം ഏർപ്പെടുത്തുക.
* കുട്ടികളെ കൂടുതൽ സമയം പ്ലാറ്റ്‌ഫോമിൽ നിലനിർത്തുന്ന ശുപാർശാ ആൽഗരിതങ്ങളിൽ മാറ്റം വരുത്തുക.
* ലൈക്ക് എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക.
* ഇൻഫിനിറ്റ് സ്ക്രോൾ സംവിധാനം അവസാനിപ്പിക്കുക.
* വീഡിയോകളുടെ ഓട്ടോപ്ലേ നിർത്തുക.
* രൂപഭാവം മാറ്റുന്ന ചില ഇമേജ് ഫിൽട്ടറുകൾ നീക്കം ചെയ്യുക.
* ഒരാൾക്ക് നിരവധി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് നിയന്ത്രിക്കുക.
* ഇൻസ്റ്റഗ്രാം സ്റ്റോറിയ്സ് പോലുള്ള അപ്രത്യക്ഷമാകുന്ന പോസ്റ്റുകൾ അവസാനിപ്പിക്കുക.
ഈ ഫീച്ചറുകൾ ഉപയോക്താക്കളെ കൂടുതൽ നേരം പ്ലാറ്റ്‌ഫോമിൽ തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് സംസ്ഥാനങ്ങളുടെ ആരോപണം. യുവാക്കളുടെ മാനസികാരോഗ്യവും ചോദ്യം ചെയ്യപ്പെടുന്നുലൈക്കുകൾ, ശുപാർശാ സംവിധാനങ്ങൾ, തുടർച്ചയായ സ്ക്രോളിങ് തുടങ്ങിയവ കൗമാരക്കാരിൽ സാമൂഹിക താരതമ്യം, നിരസിക്കപ്പെട്ടെന്ന തോന്നൽ, ഏകാന്തത, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് സംസ്ഥാനങ്ങൾ വാദിക്കുന്നത്.
മെറ്റയുടെ സ്വന്തം ആഭ്യന്തര ഗവേഷണങ്ങളിലും ഇൻസ്റ്റഗ്രാമിലെ സാമൂഹിക താരതമ്യം കൂടുതൽ ഏകാന്തത, മോശം ശരീരചിത്രബോധം, നെഗറ്റീവ് മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്ന് കേസിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണങ്ങൾ മെറ്റ ശക്തമായി നിഷേധിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി കമ്പനി നിരവധി സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് മെറ്റയുടെ നിലപാട്. കേസിന് നേതൃത്വം നൽകുന്നത് കാലിഫോർണിയയിലെ യുഎസ് ജില്ലാ ജഡ്ജി യുവന ഗൊൺസാലസ് റോജേഴ്സാണ്. കേസിൽ രൂപീകരിച്ച ജ്യൂറിയുടെ അഭിപ്രായം നിർണായകമായിരിക്കും, എന്നാൽ അന്തിമ നിയമവിധി ജഡ്ജിയുടേതായിരിക്കും.
ന്യൂ മെക്സിക്കോയിലെ തിരിച്ചടി
മെറ്റയ്ക്ക് അടുത്തിടെ ന്യൂ മെക്സിക്കോ കോടതിയിൽനിന്നും വലിയ തിരിച്ചടി നേരിട്ടിരുന്നു. കുട്ടികൾക്ക് ഹാനികരമായ രീതിയിൽ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിച്ചെന്ന കേസിൽ ഏകദേശം 942 മില്യൺ ഡോളറിന്റെ പിഴയും കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടിരുന്നു. മെറ്റ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
30 സംസ്ഥാനങ്ങളുടെ കേസിലും മെറ്റയ്ക്ക് തിരിച്ചടി നേരിട്ടാൽ, അമേരിക്കയിലുടനീളം ഇൻസ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയ കമ്പനികളുടെ കുട്ടികളോടുള്ള ഉത്തരവാദിത്തം സംബന്ധിച്ച് ഈ കേസ് നിർണായക മാതൃകയാകാനും സാധ്യതയുണ്ട്.
Major changes in store for Instagram and Facebook if Meta loses the child privacy case; crucial trial begins.










