അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിൽ വൻ സാങ്കേതിക തടസ്സം; എൻ.എസ്.എയുടെ ‘രഹസ്യ നെറ്റ്‌വർക്ക്’ നിശ്ചലമായി, സൈബർ ആക്രമണമോ?

വാഷിംഗ്ടൺ: അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയുടെ (എൻഎസ്എ) രഹസ്യ വിവരങ്ങൾ സൂക്ഷിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ആഭ്യന്തര കമ്പ്യൂട്ടർ ശൃംഖല തകരാറിലായി. ചൊവ്വാഴ്ചയുണ്ടായ സാങ്കേതിക തടസ്സത്തെത്തുടർന്ന് മേരിലാൻഡിലെ ഫോർട്ട് മീഡ് ആസ്ഥാനത്തെ ജീവനക്കാരുടെ ജോലി സമയത്തിൽ ഏജൻസി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

‘എൻ.എസ്.എ നെറ്റ്’ എന്നറിയപ്പെടുന്ന അതീവ സുരക്ഷാ ശൃംഖലയാണ് പ്രവർത്തനരഹിതമായത്. രാജ്യത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസിക്കുള്ളിലെ സുപ്രധാന ആശയവിനിമയങ്ങൾക്കാണ് ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്.

മുൻകൂട്ടി നിശ്ചയിച്ച പതിവ് അറ്റകുറ്റപ്പണികൾക്കിടെ താൽക്കാലികമായ തടസ്സം നേരിട്ടതാണെന്ന് എൻ.എസ്.എ വക്താവ് അറിയിച്ചു. ചില ആഭ്യന്തര സംവിധാനങ്ങളെ ഇത് ബാധിച്ചെങ്കിലും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമല്ലെന്നും, സിസ്റ്റം അപ്‌ഡേറ്റുകൾക്കിടെയുണ്ടായ സാങ്കേതിക പിഴവാണ് തകരാറിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഫോർട്ട് മീഡ് ആസ്ഥാനത്തെ അടിയന്തര വിഭാഗത്തിൽ പെടാത്ത ജീവനക്കാർ ഓഫീസിൽ എത്തുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ ജീവനക്കാർ ഒരേസമയം കമ്പ്യൂട്ടറുകളിൽ ലോഗിൻ ചെയ്യുന്നത് ഒഴിവാക്കാനാണ് ‘കോഡ് ഗ്രേ’ എന്നറിയപ്പെടുന്ന ഈ പ്രത്യേക സമയക്രമം നടപ്പിലാക്കിയത്.

നിലവിൽ ചില പ്രധാന പ്രവർത്തനങ്ങൾ രാജ്യത്തെ മറ്റ് എൻ.എസ്.എ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റ്‌വർക്ക് പൂർണ്ണമായും എപ്പോൾ പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഫോർട്ട് മീഡ് സൈനിക താവളത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണ്.

വിദേശ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും സൈബർ ഭീഷണികളെ പ്രതിരോധിക്കുകയും ചെയ്യുന്ന എൻ.എസ്.എയിലുണ്ടായ ഈ സാങ്കേതിക തടസ്സം അമേരിക്കൻ സുരക്ഷാ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Major technical glitch at American intelligence agency; NSA’s ‘secret network’ brought to a standstill

More Stories from this section

family-dental
witywide