
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള സ്റ്റാറ്റൻ ഐലൻഡ് കപ്പൽശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. പരുക്കേറ്റവരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു. മരിച്ചയാൾ കപ്പൽശാലയിലെ സാധാരണ ജീവനക്കാരനാണെന്ന് ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് കപ്പൽശാലയിലെ ഒരു ഇരുമ്പ് കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. ഇവിടെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, തീ പടരുന്നതിനിടയിൽ ഏകദേശം 50 മിനിറ്റുകൾക്ക് ശേഷം കപ്പൽശാലയിലെ ഒരു ബാർജിൽ ശക്തമായ സ്ഫോടനം ഉണ്ടാകുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിൻ്റെ വ്യാപ്തി കൂട്ടി. തീ അതിവേഗം പടരുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ കെട്ടിടത്തിനുള്ളിലെ വളരെ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതായി ഫയർ ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ജോവാൻ മരിയാനോ അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരു ഫയർ മാർഷലിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റൊരു ഫയർ ഫൈറ്ററുടെ പരിക്കും സാരമുള്ളതാണ്.
വളരെ സങ്കീർണ്ണവും അതിവേഗം മാറിമറിഞ്ഞതുമായ ഒരു അടിയന്തിര സാഹചര്യമാണ് കപ്പൽശാലയിൽ ഉണ്ടായതെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തീപിടിത്തത്തിൻ്റെയോ സ്ഫോടനത്തിൻ്റെയോ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കും റോഡ് ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.
Massive explosion at New York shipyard: One dead, more than 30 injured












