ഒടുവിൽ സർക്കാരിന്‍റെ കരുതൽ, ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി വി ഡി സതീശൻ; നഷ്ടപരിഹാരവും വീടിന്‍റെ അറ്റകുറ്റപ്പണികളും ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് സർക്കാർ ഉറപ്പുനൽകി. മുഖ്യമന്ത്രി വി ഡി സതീശൻ, ആരോഗ്യമന്ത്രി കെ മുരളീധരൻ എന്നിവരുമായി ഹർഷിന നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് നിർണായക തീരുമാനം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരത്തിനൊപ്പം വീടിന്റെ അറ്റകുറ്റപ്പണികളും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ അടിവാരം സ്വദേശിനിയായ ഹർഷിന ഗുരുതര ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവെച്ച ശസ്ത്രോപകരണം മൂത്രസഞ്ചിയിൽ തറച്ച നിലയിലായിരുന്നു. 12 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ വീതിയുമുള്ള ഉപകരണമാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയത്. ഇതുമൂലം മൂത്രസഞ്ചിയിൽ മുഴയും രൂപപ്പെട്ടു. കടുത്ത വേദനയെ തുടർന്ന് പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിംഗിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണം മൂത്രസഞ്ചിയിൽ കുടുങ്ങിയിരിക്കുന്നതായി വ്യക്തമായത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. ആദ്യം, മറ്റൊരു ആശുപത്രിയിലെ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. എന്നാൽ ഡോക്ടർമാർ തന്നെ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി. സംഭവത്തിൽ രണ്ട് നഴ്സുമാരെയും രണ്ട് ഡോക്ടർമാരെയും പ്രതികളാക്കി 750 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കേസിൽ 60 സാക്ഷികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide