സ്വപ്ന പദ്ധതി, പോർട്ട് സിറ്റി കേരളത്തിന് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി; ‘നികുതി വർധിപ്പിച്ച് ഖജനാവ് നിറയ്ക്കില്ല’

തിരുവനന്തപുരം: നികുതി വർധിപ്പിച്ച് ഖജനാവ് നിറയ്ക്കാനുള്ള സമീപനം സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി വർധിപ്പിക്കുന്നതിന് പകരം നികുതി ശൃംഖല (ടാക്സ് നെറ്റ്) വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്ന പദ്ധതിയാണ് പോർട്ട് സിറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ പോർട്ട് സിറ്റി കേരളത്തിന് പുതിയ സാമ്പത്തിക സാധ്യതകൾ തുറന്നുകൊടുക്കുമെന്നും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും സംസ്ഥാനത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഖജനാവിന് അധികഭാരം സൃഷ്ടിക്കാതെ പുതിയ വികസന മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സർക്കാർ നിയമോപദേശവും വിദഗ്ധ പരിശോധനയും തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കരാറിന് സർക്കാർ തിടുക്കത്തിൽ അനുമതി നൽകില്ലെന്നും എല്ലാ വ്യവസ്ഥകളും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഹരി ഘടനയിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂ എന്ന നിലപാടാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിലെ എംഎസ്‌സി–അദാനി ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നീക്കം മുൻകൂട്ടി സർക്കാരിനെ അറിയിക്കാതിരുന്നതിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കർശന പരിശോധനയ്ക്കും നിയമപരമായ വിലയിരുത്തലിനും ശേഷമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

More Stories from this section

family-dental
witywide