
ന്യൂഡൽഹി: നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കമുള്ള 60-ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5% അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. യുഎസ് ട്രേഡ് റപ്രസെന്റേറ്റീവ് നടത്തുന്ന ‘സെക്ഷൻ 301’ അന്വേഷണത്തിന്മേലുള്ള ഔദ്യോഗിക തെളിവെടുപ്പിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ ഈ സമീപനത്തിൽ ഗുരുതരമായ പൊരുത്തക്കേടുകളും ഇരട്ടത്താപ്പും ഉണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
യുഎസിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയാത്ത ഏകദേശം 1,600-ഓളം ഉൽപന്നങ്ങൾക്ക് ഈ തീരുവയിൽ നിന്ന് അമേരിക്ക ഇളവ് നൽകിയിട്ടുണ്ട്. സ്വന്തം സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇളവുകൾ നൽകുന്നത് വഴി, ആഗോള വിപണിയിൽ നിന്ന് നിർബന്ധിത തൊഴിൽ ഇല്ലാതാക്കുകയെന്ന യുഎസിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
യുഎസിൽ നിന്നുള്ള പരുത്തി ഉപയോഗിച്ച് നിർമിക്കുന്ന തുണിത്തരങ്ങൾക്ക് അമേരിക്ക പ്രത്യേക ഇളവ് അനുവദിക്കുന്നുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലെ ഉൽപ്പാദകർ എവിടെ നിന്ന് അസംസ്‌കൃത വസ്തുക്കൾ വാങ്ങണമെന്ന് നിർബന്ധിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന മേഖലകളിൽ നിർബന്ധിത തൊഴിൽ ഉപയോഗിക്കുന്നതായി കണ്ടെത്താൻ യുഎസിന് കഴിഞ്ഞിട്ടില്ല. യാതൊരുവിധ കൃത്യമായ തെളിവുകളുമില്ലാതെയാണ് അമേരിക്ക ഈ നീക്കം നടത്തുന്നത്. വികസ്വര രാജ്യങ്ങളുടെ പ്രാദേശിക സാഹചര്യങ്ങളും ശക്തമായ തൊഴിൽ നിയമങ്ങളും പരിശോധിക്കാതെ, എല്ലാ രാജ്യങ്ങൾക്കും ഒരേപോലെ ‘ബ്ലാങ്കറ്റ് ഡിറ്റർമിനേഷൻ’ ചുമത്തിയത് അംഗീകരിക്കാനാവില്ല.
നിർബന്ധിത തൊഴിൽ കാരണം ഇന്ത്യൻ കയറ്റുമതിക്കാർക്ക് യുഎസ് വിപണിയിൽ പ്രത്യേക മത്സരക്ഷമതയോ കൃത്രിമ നേട്ടമോ ലഭിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരം ആഗോള വ്യാപാര തർക്കങ്ങൾ ഏകപക്ഷീയമായ തീരുവകളിലൂടെയല്ല, മറിച്ച് ഇരുപക്ഷ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹൻ മിശ്ര യുഎസിനെ അറിയിച്ചു. വിവിധ പ്രമുഖ ഇന്ത്യൻ വ്യവസായ കൂട്ടായ്മകളും ഇന്ത്യൻ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
US move to impose duties on forced labor: Double standards; India criticizes














