കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 130 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് മുകളിലുണ്ടായിരുന്ന ക്ലോക്ക് ടവർ തകർന്നു വീണു. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകൾക്കിടയിലായി സ്ഥിതി ചെയ്തിരുന്ന ടവറിന്റെ മേൽക്കൂര ഉൾപ്പെടെയാണ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കും ഇലക്ട്രിക്കൽ ലൈനുകൾക്ക് മുകളിലേക്കും തകർന്നു വീണത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും നിർത്തിയിട്ടിരുന്ന ട്രെയിനിൽ ആളുകൾ കയറാതിരുന്നതിനാലും വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. 130 കൊല്ലം പഴക്കമുള്ള ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്.

രാവിലെ പതിനൊന്നേകാലോടെയാണ് സംഭവം നടന്നത്. ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് കാലപ്പഴക്കമുള്ള കെട്ടിടം തകർന്നതെന്നാണ് നിഗമനം. കെട്ടിടത്തിന് വിള്ളലുണ്ടെന്നും ജീർണ്ണാവസ്ഥയിലാണെന്നും നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല. അപകടത്തെ തുടർന്ന് ഇലക്ട്രിക് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾ വൈകിയോടുകയാണ്.

സുരക്ഷാ കാരണങ്ങളാൽ നിലവിൽ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് യാത്രക്കാർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.ആർ.എം സ്ഥലം സന്ദർശിച്ച് കെട്ടിടത്തിന് പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടും യാതൊരു സുരക്ഷാ നടപടിയും സ്വീകരിച്ചില്ലെന്ന് വിമർശനമുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് അഡ്വ. മുഹമ്മദ് റിയാസ് എം.എൽ.എ ആവശ്യപ്പെട്ടു.

Clock Tower Collapses at Kozhikode Railway Station Platform; Major Disaster Averted

More Stories from this section

family-dental
witywide