
കാലിഫോർണിയ: കാലിഫോർണിയയിലെ ബെർബാങ്കിൽ ഇന്ത്യൻ വംശജരായ അമ്മയ്ക്കും മകൾക്കും നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ബെർബാങ്കിലെ ബ്രെറ്റ് ഹാർട്ട് എലിമെൻ്ററി സ്കൂൾ അധ്യാപികയായ ആരതി വർമ്മ (59) ആണ് കുത്തേറ്റ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മകളും പ്രമുഖ മാനസികാരോഗ്യ പ്രവർത്തകയുമായ മീര വർമ്മ (25) ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് സെർജിയോ ഫ്രെയർ (30) എന്നയാളെ ബെർബാങ്ക് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 20-ന് പുലർച്ചെ ആറ് മണിയോടെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലെ ഇവരുടെ വസതിയിലാണ് ആക്രമണം നടന്നത്. രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരതിയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മീര വർമ്മ അമേരിക്കയിലെ അറിയപ്പെടുന്ന മാനസികാരോഗ്യ പ്രവർത്തകയാണ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവർക്കൊപ്പം വിവിധ കാമ്പയിനുകളിൽ മീര പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത അവതാരക ഓപ്ര വിൻഫ്രിയുമായും ചേർന്ന് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യമോ, പ്രതിക്ക് കുടുംബവുമായുള്ള ബന്ധമോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവസമയത്ത് ആരതിയുടെ ഭർത്താവ് ഇന്ത്യയിലായിരുന്നു. പെട്ടെന്നുണ്ടായ അക്രമത്തിൻ്റെ ഞെട്ടലിലാണ് അയൽവാസികളും സഹപ്രവർത്തകരും.
Mental health worker who worked with Biden attacked, mother killed in California















