മെസ്സിക്ക് രണ്ടാം ലോകകപ്പോ? അതോ സ്പാനിഷ് കോട്ടയോ? ഫൈനൽ ഇന്ന്; ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് ജയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായി കിലിയന്‍ എംബാപ്പെ

ന്യൂയോർക്ക്: കായികലോകം കാത്തിരുന്ന ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. അമേരിക്കയിലെ ന്യൂജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കരുത്തരായ സ്പെയിനുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12:30-നാണ് (പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്) മത്സരം ആരംഭിക്കുക.

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് തന്റെ കരിയറിലെ രണ്ടാം ലോകകപ്പ് കിരീടമെന്ന അപൂർവ്വ നാഴികക്കല്ല് സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണിത്. എന്നാൽ ടൂർണമെന്റിലുടനീളം ആകെ ഒരു ഗോൾ മാത്രം വഴങ്ങി മികച്ച പ്രതിരോധം കാത്തുസൂക്ഷിക്കുന്ന ‘ലാ റോജ’ എന്ന സ്പെയിനെ മറികടക്കുക അർജന്റീനയ്ക്ക് എളുപ്പമാകില്ല.

ഗോൾമഴ പെയ്ത പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; എംബാപ്പെയ്ക്ക് ചരിത്ര റെക്കോർഡ്

ശനിയാഴ്ച നടന്ന ആവേശകരമായ ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം പകുതിയിൽ ഫ്രാൻസ് ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് പട പ്രതിരോധിച്ചു നിന്നു.

മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ചരിത്രത്താളുകളിൽ ഇടംനേടി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കരിയർ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് എംബാപ്പെ സ്വന്തമാക്കിയത്. 1966 ൽ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡലാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി. മത്സരം ഏകപക്ഷീയമാകുമെന്ന് തോന്നിച്ച നിമിഷം. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആളിക്കത്തി. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൂന്നു ഗോൾ തിരിച്ചടിച്ചു. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇംഗ്ലണ്ട് വീണ്ടും ലീഡുയർത്തിയെങ്കിലും അധിക സമയത്ത് ഫ്രാൻസ് വീണ്ടും തിരിച്ചടിച്ചു. അവസാന മിനിറ്റിൽ വീണ്ടും ഗോൾവല ചലിപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. രണ്ട് ഗോളടിച്ച ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, ലയണൽ മെസ്സിയെ (21 ഗോൾ) മറകടന്നാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായത്‌ (22 ഗോൾ).

വൻ അട്ടിമറികളിലൂടെ ഫൈനലിലേക്ക് സ്‌പെയിനും അര്‍ജന്റീനയും

ഫിഫ റാങ്കിംഗിൽ ഒന്നാമതായിരുന്ന ഫ്രാൻസിനെ സെമിഫൈനലിൽ 2-0 ന് അട്ടിമറിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. 2010-ൽ ആദ്യമായി ലോകകപ്പ് നേടിയ സ്പെയിൻ, 2024-ലെ യൂറോ കപ്പ് ജേതാക്കൾ കൂടിയാണ്. 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന, 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പുകളും സ്വന്തമാക്കി മികച്ച ഫോമിലാണ് ഫൈനലിന് ഇറങ്ങുന്നത്.

ചരിത്രത്തിലാദ്യമായി ‘ഹാഫ് ടൈം ഷോ’; സമാപന ചടങ്ങിൽ വൻ താരനിര

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി കഴിഞ്ഞ ആറാഴ്ചയായി 48 ടീമുകൾ മാറ്റുരച്ച ലോകകപ്പിനാണ് ഇന്ന് സമാപനമാകുന്നത്. ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപന ചടങ്ങിൽ ഹോളിവുഡ് താരം ടോം ക്രൂസ്, പോപ്പ് താരം പോസ്റ്റ് മലോൺ, പ്രമുഖ സ്ട്രീമർ ഐഷോസ്‌പീഡ് തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത ഗായിക ജെന്നിഫർ ഹഡ്സൺ ദേശീയ ഗാനം ആലപിക്കും.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ സൂപ്പർ ബൗൾ മാതൃകയിൽ ഒരു ‘ഹാഫ് ടൈം ഷോ’യും ഈ ഫൈനലിൽ ഒരുക്കിയിട്ടുണ്ട്. പോപ്പ് രാജ്ഞി മഡോണ, അന്താരാഷ്ട്ര സംഗീത ബാൻഡ് ബിടിഎസ്, ഷക്കീറ, ജസ്റ്റിൻ ബീബർ എന്നിവരാണ് ഇടവേളയിൽ കാണികളെ ആവേശത്തിലാഴ്ത്താൻ എത്തുന്നത്.

ട്രോഫിക്ക് പുറമെ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ, ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട്, മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് എന്നീ പുരസ്കാരങ്ങളും ഇന്നത്തെ മത്സരത്തിന് ശേഷം പ്രഖ്യാപിക്കും.

Messi’s second World Cup? Or a Spanish fortress? The final is today

More Stories from this section

family-dental
witywide