ഐഒഎ തെരഞ്ഞെടുപ്പിൽ നാടകീയ നീക്കം, പോരിനുറച്ച് ഉഷ; ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ ഇടംനേടി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ ജനറൽ അസംബ്ലിയിൽ ഇടംപിടിച്ചു. വനിതാ പ്രതിനിധിയായി ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തതോടെയാണ് ഉഷയ്ക്ക് ജനറൽ അസംബ്ലിയിലേക്ക് വഴിതുറന്നത്. നേരത്തെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിൽ ഉഷയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കൂടാതെ, കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഏതെങ്കിലും ദേശീയ ഫെഡറേഷന്റെ പ്രതിനിധിയാവുക എന്നതായിരുന്നു ഉഷയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക മാർഗം. പുതിയ നീക്കത്തോടെ ഡിസംബർ 5-ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഉഷയ്ക്ക് സാധിക്കും.

30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നായി ഒരു പുരുഷനും ഒരു വനിതയും വീതം ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലി പട്ടികയിലുള്ളത്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി തമിഴ്നാട് മന്ത്രി ആധവ് അർജുനയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ അത്‌ലറ്റ്സ് കമ്മീഷൻ പ്രതിനിധികളായി മലയാളി നീന്തൽ താരം സജൻ പ്രകാശ്, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരെ തിരഞ്ഞെടുത്തിരുന്നു.

അതേസമയം, എസ്ഒഎം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നൽകിയിട്ടുണ്ട്. വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പാലിച്ചില്ലെന്നും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് ഉഷ ആവശ്യപ്പെട്ടിരിക്കുന്നത്.

Dramatic Twist in IOA Elections: P.T. Usha Enters General Assembly as Ice Hockey Federation Representative

More Stories from this section

family-dental
witywide