മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധമുനമ്പിൽ; ഇറാൻ താവളങ്ങളിൽ യുഎസ് ബോംബാക്രമണം, ഇടപെട്ടാൽ തകർത്തു കളയുമെന്ന് ഒമാനോട് ട്രംപ്

വാഷിംഗ്ടൺ / ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ വീണ്ടും കനത്ത യുദ്ധഭീതി ഉയർത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ താവളങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യുഎസ് സൈന്യം ഇറാൻ്റെ ഡ്രോണുകൾ വെടിവച്ചിടുകയും വ്യോമതാവളം ബോംബിട്ട് തകർക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇറാനുമായി സഖ്യത്തിനൊരുങ്ങുന്ന ഒമാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക കപ്പലുകൾക്ക് ഭീഷണിയാകുംവിധം പറന്ന ഇറാൻ്റെ നാല് ആക്രമണ ഡ്രോണുകളാണ് യുഎസ് സൈന്യം വെടിവച്ചിട്ടത്. അഞ്ചാമത് ഒരു ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാൻ്റെ ബന്ദർ അബ്ബാസിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തുകയും ചെയ്തു. മേഖലയിലെ യുഎസ് സൈന്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ “ആത്മരക്ഷാർത്ഥമുള്ള ആക്രമണം” നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

“ഇടപെട്ടാൽ തകർത്തു കളയും” ഒമാനോട് – ട്രംപ്

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാനും ഒമാനും സംയുക്തമായി ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ നീക്കത്തിൽ നിന്ന് ഒമാൻ പിന്മാറണമെന്നും, ചർച്ചകളിൽ ഇടപെട്ടാൽ അവരെ തകർത്തു കളയുമെന്നും വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തിൽ ട്രംപ് പരസ്യമായി ഭീഷണി മുഴക്കി. ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അതിൽ ആരുടെയും അധിനിവേശം അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തറിൻ്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ തുടരുന്നതിനിടയിലാണ് പുതിയ സൈനിക നീക്കം. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇറാന് മേലുള്ള ഉപരോധങ്ങൾ അമേരിക്ക നീക്കുമെന്ന തരത്തിൽ ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായി വിട്ടുനൽകാതെ ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറില്ലെന്ന് ട്രംപ് ആവർത്തിച്ചു.

അമേരിക്കയുടേത് പ്രകോപനപരമായ ആക്രമണമാണെന്നും തങ്ങളുടെ അതിർത്തികൾ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയതോടെ മേഖല വീണ്ടും വൻ യുദ്ധമുനമ്പിലായിരിക്കുകയാണ്.

Middle East on brink of war again; US bombs Iranian bases, Trump makes severe threat to Oman

More Stories from this section

family-dental
witywide