തെരഞ്ഞെടുപ്പ് യുഎസിൽ, ആശങ്ക മിഡിൽ ഈസ്റ്റിൽ; അമേരിക്ക-ഇറാൻ സൈനിക സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; യുദ്ധ ഭീതിയിൽ ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായേക്കുമെന്ന ശക്തമായ സൂചനകളെ തുടർന്ന് ഗൾഫ് മേഖലയിലുടനീളം വൻ ആശങ്കയും അനിശ്ചിതത്വവും പടരുന്നു. വരുന്ന ചൊവ്വാഴ്ച നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടികൾ പുനരാരംഭിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയതാണ് മിഡിൽ ഈസ്റ്റിൽ ഭീതി വർദ്ധിപ്പിച്ചത്.

ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതോടെയാണ് നിലവിലെ യുദ്ധത്തിന് തുടക്കമായത്. എട്ട് മാസത്തോളമായി തുടരുന്ന യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിൽ, തങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് പുതിയ ആക്രമണത്തിനും ‘ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത’ മറുപടി നൽകുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖൊമേനി സൈന്യത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. എണ്ണ സംഭരണ ശാലകൾക്ക് പുറമെ സഖ്യരാജ്യങ്ങളുടെ ഐ.ടി, എ.ഐ ശൃംഖലകൾ കേന്ദ്രീകരിച്ച് തിരിച്ചടി നൽകുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകുന്നു.

സംഘർഷം കടുക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന വിദേശ തൊഴിലാളികളും അമേരിക്കൻ പൗരന്മാരും മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യാത്രാ തടസ്സങ്ങളും വിമാന സർവ്വീസുകളുടെ റദ്ദാക്കലും ഭയന്ന് നിരവധിയാളുകൾ താൽക്കാലികമായി നാടുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ഇസ്രായേലിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും, പ്രതിപക്ഷം പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ സൈനിക നടപടികളിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ എത്തിയതോടെ മേഖല വീണ്ടുമൊരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് വോട്ടർമാരും ഗൾഫ് നിവാസികളും.

Also Read

More Stories from this section

family-dental
witywide