
ഇസ്രയേൽ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരവേ, പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള പുതിയ ബിൽ പാസാക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ സഖ്യം നീക്കം ഊർജിതമാക്കി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ ബദൽ വഴി പ്രതിപക്ഷം തേടുന്നത്. അറബ് പാർട്ടികളെ ആശ്രയിക്കാതെ തന്നെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കമെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
വോട്ടർമാർക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഈ ബിൽ പാസായാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന സ്ഥാനാർഥിക്ക് കേവലഭൂരിപക്ഷം ഇല്ലെങ്കിൽപ്പോലും ന്യൂനപക്ഷ സർക്കാരുമായി മുന്നോട്ടുപോകാനാകും. മുൻപ് 2021-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ബെന്യാമിൻ നെതന്യാഹുവും സമാനമായ നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ നിലവിലെ ഇസ്രയേലി നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിൽ 61 അംഗങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്.
120 അംഗ ഇസ്രയേൽ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകളും, ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പ്രധാന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് സർക്കാരുണ്ടാക്കുക അസാധ്യമാണ്. ഈ പശ്ചാത്തലത്തിൽ ഭരണത്തിലെത്താനുള്ള വിവിധ സാധ്യതകളും തന്ത്രങ്ങളുമാണ് ഇരുമുന്നണികളും ആരായുന്നത്.
Israel Elections: Opposition Proposes Bill for Direct Election of Prime Minister Amid Stalemate













