ചരിത്രം! മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ സൗദ്യ അറേബ്യ, ഗ്ലാമര്‍ ചിത്രം പങ്കുവെച്ച് സൗദി സുന്ദരി റൂമി അല്‍ഖഹ്താനി

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മത്സരങ്ങളിലൊന്നില്‍ താന്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് മോഡല്‍ റൂമി അല്‍ഖഹ്താനി തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവെച്ചു. തന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് താരം ഇതോടൊപ്പം പങ്കുവെച്ചത്. ചിത്രത്തില്‍, മോഡല്‍ സ്ട്രാപ്പ്‌ലെസ് സീക്വിന്‍ഡ് ഗൗണ്‍ ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോകള്‍ക്കൊപ്പം, ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണിത്, – എന്ന് അവര്‍ അറബിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്സും എക്സില്‍ രണ്ടായിരത്തോളം ഫോളോവേഴ്സും റൂമിക്കുണ്ട്.

മോഡല്‍ റൂമി അല്‍ഖഹ്താനി പലര്‍ക്കും സുപരിചിതയാണ്. നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായ താരം കൂടിയാണ് റിയാദില്‍ ജനിച്ച റൂമി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മത്സരത്തിലായിരുന്നു റൂമി ഒടുവില്‍ പങ്കെടുത്തത്. 27 കാരിയായ റൂമി മുമ്പ്, മിസ് മിഡില്‍ ഈസ്റ്റ്, മിസ് അറബ് വേള്‍ഡ് പീസ് 2021 എന്നീ പദവികള്‍ നേടിയിട്ടുണ്ട്.

യാഥാസ്ഥിതികതയ്ക്ക് ഏറെക്കാലമായി പേരുകേട്ട സൗദി അറേബ്യ, 38 കാരനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നിലവില്‍ പല മാറ്റങ്ങളിലേക്കും ചുവടുവയ്ക്കുകയാണ്. ചരിത്രപരമായി സാമൂഹികവും മതപരവുമായ കര്‍ശന നിയന്ത്രണം നിലനിര്‍ത്തിയിട്ടുള്ള സൗദിയുടെ മാറ്റങ്ങള്‍ എപ്പോഴും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും ചിലത് എടുത്തുകളയുകയും ചെയ്തത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനും ലൈന്‍സ് സ്വന്തമാക്കാനും മിശ്ര-ലിംഗ പരിപാടികളില്‍ പങ്കെടുക്കാനും പുരുഷ രക്ഷാകര്‍തൃത്വമില്ലാതെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും അനുവദിക്കുന്നതടക്കമാണ് സൗദിയിലെ മാറ്റങ്ങള്‍.

Saudi Arabia to participate in the Miss Universe pageant for the first time

More Stories from this section

family-dental
witywide