അലാസ്ക മുതൽ ടെക്സസ് വരെ; റിപ്പബ്ലിക്കൻ കോട്ടകളിൽ വിള്ളൽ? ആറ് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വെല്ലുവിളിയായി ഡെമോക്രാറ്റുകൾ. ഇറാൻ യുദ്ധവും കുതിച്ചുയരുന്ന ഇന്ധനവിലയും ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി വർധിപ്പിച്ചതോടെ സെനറ്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമാണ് ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്.

നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിന് ഭീഷണിയാകുന്നത് ആറ് സംസ്ഥാനങ്ങളിലെ മത്സരങ്ങളാണ്. ടെക്സസ്, അയോവ, അലാസ്ക, കാൻസസ്, മിസിസിപ്പി, നെബ്രാസ്ക എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 100 അംഗ സെനറ്റിൽ 53 സീറ്റുകളാണ് റിപ്പബ്ലിക്കൻമാർക്കുള്ളത്. ഡെമോക്രാറ്റുകൾക്ക് 47 സീറ്റുകളുമുണ്ട്.

സാധാരണയായി റിപ്പബ്ലിക്കൻമാരുടെ സുരക്ഷിത മണ്ഡലങ്ങളായി കണക്കാക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളിൽ ഇത്തവണ മത്സരം കടുത്തതായതോടെ സെനറ്റിലെ അധികാരസമവാക്യങ്ങൾ മാറുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ടെക്സസിൽ അട്ടിമറി പ്രതീക്ഷിച്ച് ഡെമോക്രാറ്റുകൾ

റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ടെക്സസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് ടലാരിക്കോയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് പുതിയ സർവേകൾ. 1988നുശേഷം ടെക്സസിൽനിന്ന് ഡെമോക്രാറ്റുകൾക്ക് സെനറ്റ് സീറ്റ് നേടാനായിട്ടില്ല.

പ്രൈമറിയിൽ നിലവിലെ സെനറ്റർ ജോൺ കോർണിനെ പരാജയപ്പെടുത്തിയ പാക്സ്റ്റൺ, സംസ്ഥാന അറ്റോർണി ജനറലായിരിക്കെ നിരവധി വിവാദങ്ങളിൽപ്പെട്ടിരുന്നു. 2023ൽ ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ പദവിയിൽ തുടർന്നു.

അതേസമയം, പ്രൈമറിയിൽ ജാസ്മിൻ ക്രോക്കറ്റിനെ തോൽപ്പിച്ച ടലാരിക്കോ മികച്ച ധനസമാഹരണത്തിലൂടെ പ്രചാരണം ശക്തമാക്കി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത മത്സരമാണ് ടെക്സസിൽ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അയോവയിൽ കർഷകരുടെ അതൃപ്തി നിർണായകം

ഡീസലിന്റെയും വളത്തിന്റെയും വില വർധിച്ചതോടെ കർഷകരുടെ അതൃപ്തി ശക്തമായ അയോവയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോഷ് ടുറെക്കും റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഷ്‌ലി ഹിൻസണും തമ്മിലാണ് മത്സരം. ട്രംപിന്റെ തീരുവകൾ കർഷകരെ പ്രതികൂലമായി ബാധിച്ചതും ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്നു.

സിഎൻഎൻ പോൾ ഓഫ് പോൾസ് ശരാശരി കണക്കിൽ ടുറെക്കിന് 47 ശതമാനവും ഹിൻസണിന് 46 ശതമാനവുമാണ് പിന്തുണ. ഇറാൻ യുദ്ധത്തിന്റെ സാമ്പത്തികഭാരം ഇന്ധനവിലയിലൂടെയും സാധനങ്ങളുടെ വിലയിലൂടെയും അയോവക്കാർ വഹിക്കേണ്ടിവരരുതെന്ന് ഹിൻസൺ നേരത്തേ പ്രതികരിച്ചിരുന്നു.

അലാസ്കയിലും കടുത്ത പോരാട്ടം

അലാസ്കയിൽ ഡെമോക്രാറ്റിക് പ്രതിനിധി മേരി പെൽറ്റോളയും നിലവിലെ സെനറ്റർ ഡാൻ സള്ളിവനും തമ്മിലാണ് മത്സരം. ജീവിതച്ചെലവ് കുറയ്ക്കുന്നതും സംസ്ഥാനത്തെ മത്സ്യബന്ധന, എണ്ണ, വാതക മേഖലകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുമാണ് ഇരുവരുടെയും പ്രധാന പ്രചാരണ വിഷയങ്ങൾ.

സംവാദത്തിനിടെ പെൽറ്റോളയുടെ പ്രവർത്തനരീതിയെ സള്ളിവൻ ചോദ്യം ചെയ്തപ്പോൾ, സെനറ്റർ കള്ളം പറയുകയാണെന്ന് പെൽറ്റോള തിരിച്ചടിച്ചു. ഡാൻ സള്ളിവൻ എന്ന പേരിൽ മറ്റൊരു സ്ഥാനാർഥി കൂടി മത്സരിക്കുന്നതും വോട്ടുവിഭജനത്തിന് കാരണമായേക്കാം.

കാൻസസിൽ മാറിമറിയുമോ രാഷ്ട്രീയ ചിത്രം?

94 വർഷമായി റിപ്പബ്ലിക്കൻമാർക്ക് അനുകൂലമായി വോട്ട് ചെയ്ത കാൻസസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ആദം ഹാമിൽട്ടണും റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷലും തമ്മിൽ കടുത്ത മത്സരമാണ്. ന്യൂയോർക്ക് ടൈംസ്/സിയന്ന, എമേഴ്സൺ കോളേജ് സർവേകളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വോട്ടർമാരുടെ അതൃപ്തി, ഇറാൻ യുദ്ധം, ഡീസൽ വിലവർധന എന്നിവ മാർഷലിന് വെല്ലുവിളിയാകുന്നു. കുടിശ്ശികയായ ചികിത്സാച്ചെലവിന്റെ പേരിൽ നൂറുകണക്കിന് രോഗികൾക്കെതിരെ കേസുകൾ നൽകിയെന്ന റിപ്പോർട്ടും അദ്ദേഹത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്.

ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾ തൊഴിലാളികളുടെ ലഭ്യതയെ ബാധിച്ചതിലും ഇറക്കുമതി ബീഫിന് അനുമതി നൽകിയതിലും കർഷകർക്കിടയിൽ പ്രതിഷേധമുണ്ട്.

മിസിസിപ്പിയിലും ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ

റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ മിസിസിപ്പിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സ്കോട്ട് കൊളോമും നിലവിലെ സെനറ്റർ സിന്ഡി ഹൈഡ്-സ്മിത്തും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്.

2018ൽ പൊതുജനങ്ങൾക്കായുള്ള തൂക്കിലേറ്റൽ ചടങ്ങിലേക്ക് ക്ഷണിച്ചാൽ മുൻനിരയിൽ ഇരിക്കുമെന്ന് ഹൈഡ്-സ്മിത്ത് പറഞ്ഞത് വിവാദമായിരുന്നു. ട്രംപിനെ ശക്തമായി പിന്തുണയ്ക്കുന്ന അവർക്ക് കർഷകരെ ബാധിക്കുന്ന തീരുവകളും തിരിച്ചടിയാകാം.

ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ മൂലം നിരവധി പേർക്ക് മെഡികെയ്ഡ് ആരോഗ്യപരിരക്ഷയും എസ്എൻഎപി ഭക്ഷ്യസഹായവും നഷ്ടപ്പെടുമെന്ന ആശങ്കയിലും ഹൈഡ്-സ്മിത്ത് നിലപാട് വ്യക്തമാക്കിയിട്ടില്ല.

നെബ്രാസ്കയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ പോരാട്ടം

റിപ്പബ്ലിക്കൻമാർക്ക് ദീർഘകാലമായി മേൽക്കൈയുള്ള നെബ്രാസ്കയിൽ സ്വതന്ത്ര സ്ഥാനാർഥി ഡാൻ ഓസ്ബോൺ നിലവിലെ സെനറ്റർ പീറ്റ് റിക്കറ്റ്സിനെതിരെയാണ് മത്സരിക്കുന്നത്. വ്യാവസായിക മെക്കാനിക്കായ ഓസ്ബോൺ 2024ൽ റിപ്പബ്ലിക്കൻ സെനറ്റർ ഡെബ് ഫിഷറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ റിക്കറ്റ്സിന് കടുത്ത വെല്ലുവിളി ഉയർത്താൻ ഓസ്ബോണിന് കഴിയുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ആറ് സംസ്ഥാനങ്ങളിലെയും മത്സരഫലങ്ങൾ സെനറ്റിലെ അധികാരസമവാക്യങ്ങളെ സ്വാധീനിച്ചേക്കും. റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്തുമോ, അതോ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റമുണ്ടാകുമോ എന്നറിയാൻ നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

From Alaska to Texas: The 6 Senate races that could see a flip from red to blue

More Stories from this section

family-dental
witywide