‘നക്സലിസത്തിൽ നിന്ന് രാജ്യം മോചിതമായ ആദ്യ ദീപാവലി’; ബസ്തറിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി

നക്സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കുമെതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ രാജ്യം വിജയിച്ചതിനാൽ ഇത്തവണത്തെ ദീപാവലി ഏറെ സവിശേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ ജില്ലകളും നക്സലിസത്തിൽനിന്ന് മുക്തമായ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് സുരക്ഷാസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

നക്സലിസത്തിന്റെ ഭീതിയിൽനിന്ന് കോടിക്കണക്കിന് ജനങ്ങൾ മോചിതരായെന്നും ഒരുകാലത്ത് നക്സലിസത്തിന്റെ പിടിയിലായിരുന്ന ബസ്തറിൽ ഇപ്പോൾ വികസനത്തിന്റെ പുതിയ കാലം ആരംഭിച്ചിരിക്കുകയാണ്. സുരക്ഷാസേനാംഗങ്ങളുടെ ത്യാഗവും സമർപ്പണവുമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ സുരക്ഷാസേനാംഗങ്ങളുടെ ധീരതയ്ക്കും ത്യാഗത്തിനുമാണ് വിജയത്തിന്റെ പ്രധാന ക്രെഡിറ്റെന്ന് മോദി പറഞ്ഞു. അതുകൊണ്ടാണ് അവർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ബസ്തറിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സർക്കാരുകൾ നക്സലിസത്തിനെതിരെ പോരാടിയ സുരക്ഷാസേനയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചടിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം നൽകിയിരുന്നില്ലെന്നും മോദി ആരോപിച്ചു. എന്നാൽ തന്റെ സർക്കാർ സുരക്ഷാസേനയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാനുള്ള അധികാരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ശൃംഖലകളെ തകർക്കാനും ഇടതുതീവ്രവാദത്തിന് പിന്തുണ നൽകിയിരുന്ന സംവിധാനങ്ങളെ ഇല്ലാതാക്കാനും സർക്കാർ നടപടിയെടുത്തതായും മോദി അവകാശപ്പെട്ടു. നക്സൽ ബാധിത മേഖലകളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സേവനമനോഭാവത്തോടെ പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘First Diwali when India is free from Naxalism’: PM Modi marks festival in Bastar

More Stories from this section

family-dental
witywide