അമേരിക്കയിലെ വിലക്കയറ്റം തീരദേശ നഗരങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുന്നു; മിഡ്‌വെസ്റ്റിലേക്ക് കുടിയേറി കൂടുതൽ ആളുകൾ

അമേരിക്കയിൽ വർധിച്ചുവരുന്ന ജീവിതച്ചെലവും ഭവനവിലയും കാരണം കൂടുതൽ ആളുകൾ തീരദേശ നഗരങ്ങൾ വിട്ട് മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറുന്നതായി പുതിയ കണക്കുകൾ. അമേരിക്കൻ സെൻസസ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ മിഡ്‌വെസ്റ്റ് മേഖലയിലെ എല്ലാ സംസ്ഥാനങ്ങളും ജനസംഖ്യാ വർധന രേഖപ്പെടുത്തി. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളും ഒരേസമയം ജനസംഖ്യാ വളർച്ച നേടിയ ഏക മേഖലയാണ് മിഡ്‌വെസ്റ്റ്.

ലോസ് ആഞ്ചലസിലെ ഉയർന്ന ജീവിതച്ചെലവും ഭവനവിലയും താങ്ങാനാകാതിരുന്നതോടെയാണ് ഡേവിഡ് സിൽവർമാനും ഭാര്യ ലോറൻ സിൽവർമാനും ഒഹായോയിലെ ക്ലീവ്‌ലൻഡിലേക്ക് താമസം മാറിയത്. 2022-ൽ കുഞ്ഞ് ജനിക്കുന്നതിന് മുമ്പായിരുന്നു ഇവരുടെ തീരുമാനം.”ഇവിടേക്ക് വന്നതോടെ വലിയൊരു ആശ്വാസം ലഭിച്ചു. ജീവിതം മുമ്പത്തെ പോലെ സമ്മർദപൂർണമല്ല,” ലോറൻ സിൽവർമാൻ പ്രതികരിച്ചു. ഒഹായോയിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സൗകര്യങ്ങളുള്ള വീടുകൾ ലഭിക്കുന്നുണ്ടെന്നും കാലിഫോർണിയയിൽ തങ്ങൾക്ക് ഇത്തരമൊരു വീട് സ്വന്തമാക്കാൻ കഴിയുമായിരുന്നില്ലെന്നും ദമ്പതികൾ പറയുന്നു.

ഒരു കാലത്ത് ആളുകൾ മിഡ്‌വെസ്റ്റ് മേഖല വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയതായി സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ ആളുകൾ മിഡ്‌വെസ്റ്റിലേക്ക് എത്തുമ്പോൾ പുറത്തേക്ക് പോകുന്നവരുടെ എണ്ണം കുറയുകയാണ്. ഭവനവിലയിലെ വൻ വ്യത്യാസമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ക്ലീവ്‌ലൻഡിൽ ഒരു ശരാശരി വീടിന്റെ വില ഏകദേശം 2.37 ലക്ഷം ഡോളറാണ്. സമീപ നഗരമായ അക്രോണിൽ ഇത് 2.26 ലക്ഷം ഡോളറോളം വരും. എന്നാൽ അമേരിക്കയിലെ ദേശീയ ശരാശരി വീടുവില 4.19 ലക്ഷം ഡോളറിനടുത്താണ്.

ക്ലീവ്‌ലൻഡിൽ ഒരു ശരാശരി വീട് വാങ്ങാൻ വർഷത്തിൽ 68,000 ഡോളർ വരുമാനം മതിയാകുമ്പോൾ ന്യൂയോർക്ക് പോലുള്ള തീരദേശ നഗരങ്ങളിൽ അതിന് 2 ലക്ഷം ഡോളറിലധികം വരുമാനം ആവശ്യമാണ്. വിലക്കയറ്റവും ഉയർന്ന ഭവനവിലയും അമേരിക്കയിലെ ആഭ്യന്തര കുടിയേറ്റത്തിന്റെ ദിശ മാറ്റുകയാണെന്നും, വരും വർഷങ്ങളിലും മിഡ്‌വെസ്റ്റ് മേഖല ജനങ്ങളെ കൂടുതൽ ആകർഷിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

More Americans are moving to the Midwest amid affordability crisis, data shows

Also Read

More Stories from this section

family-dental
witywide